തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ജോ ജോസഫിനെ പിന്തുണക്കില്ലെന്ന് അങ്കമാലി അതിരൂപത സംരക്ഷണ സമിതി

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഡോ. ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി രംഗത്ത്. ജോ ജോസഫിനായി സഭയുടെ ഏതെങ്കിലും തലത്തില്‍ ചര്‍ച്ച ഉണ്ടായോ എന്നറിയില്ല. ആരെങ്കിലും നിര്‍ദ്ദേശിച്ചു എന്നതുകൊണ്ട് അതിരൂപത പിന്തുണ ഉണ്ടെന്ന് പറയാനാകില്ല. ആര്‍ക്ക് വോട്ട് എന്നതില്‍ അതിരൂപതയ്ക്ക് നിലപാടുണ്ട്. അതിരൂപതയെ സഹായിച്ചവര്‍ക്ക് മാത്രം പിന്തുണയുണ്ടാകും’- ഫാദര്‍ ജോസഫ് പാറേക്കാട്ടില്‍ പറഞ്ഞു.

അതേസമയം പേയ്മെന്റ് സീറ്റാണ് സ്ഥാനാര്‍ഥി ജോ ജോസഫിന്റേതെന്ന ആരോപണം ജോ ജോസഫ് തള്ളി. വൈദികര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തിന് എത്തിയത് ജോലിയിലായതിനാലാണെന്നും വിവാദമുണ്ടാക്കുന്നത് വെറുതെയാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ ഇടത് ജയം ഉറപ്പാണ്. സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന് അനിവാര്യമാണ്. ഭാവി വികസനം മുന്നില്‍ കണ്ടുള്ളതാണ് പദ്ധതിയെന്നും ജോ ജോസഫ് ചൂണ്ടിക്കാട്ടി. ‘ഞാന്‍ സഭയുടെ സ്ഥാനാര്‍ത്ഥിയല്ല. സിപിഎമ്മിന്റെ മെഡിക്കല്‍ ഫ്രാക്ഷന്‍ അംഗമാണ്. എസ്.എഫ്.ഐ., ഡിവൈഎഫ്ഐ. പ്രസ്ഥാനങ്ങളില്‍ അംഗമായിരുന്നിട്ടില്ലെങ്കിലും ചെറുപ്പംമുതല്‍ താന്‍ ഇടതുപക്ഷ അനുഭാവിയായിരുന്നു. ഇടതുപക്ഷമാണ് ശരിപക്ഷമെന്ന് ചെറുപ്പത്തില്‍ത്തന്നെ പിതാവിലൂടെ തിരിച്ചറിഞ്ഞിരുന്നു. എറണാകുളത്ത് വന്നശേഷം പാര്‍ട്ടിയുടെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട്. കോവിഡ് കാലത്ത് പാര്‍ട്ടിക്കൊപ്പം നിന്ന് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തില്‍ പലയിടത്തും പ്രസംഗിക്കാന്‍ പോയിരുന്നു. താന്‍ സമുദായത്തിന്റെ നോമിനിയാണെന്നു പറയുന്നത് വെറും ആരോപണം മാത്രമാണ്. സ്ഥാനാര്‍ത്ഥിത്വത്തില്‍ സഭ ഇടപെട്ടിട്ടില്ലെന്ന് നൂറുശതമാനവും ഉറപ്പിച്ചു പറയാം. സഭയുടെ സ്ഥാപനത്തില്‍ പത്തു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആള്‍ മാത്രമാണ് ഞാന്‍. അതുകൊണ്ട് സഭാ സ്ഥാനാര്‍ത്ഥിയെന്ന് പറയാന്‍ പറ്റില്ല. തൃക്കാക്കരയില്‍ എല്ലാ സമുദായക്കാരുടെയും വോട്ടഭ്യര്‍ഥിക്കുമെന്നും ജോ ജോസഫ് വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെ ഇടതുമുന്നണി ജില്ലായോഗം നടന്നെങ്കിലും സ്ഥാനാര്‍ത്ഥി ആരെന്നു പറഞ്ഞില്ല. സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാന്‍ പതിവായി ചെയ്യുന്നതു പോലെ ജില്ലാ സെക്രട്ടേറിയറ്റ്- ജില്ലാ കമ്മിറ്റി യോഗങ്ങളും നടന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച സ്ഥാനാര്‍ത്ഥിയെ ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ചര്‍ച്ചചെയ്ത് പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഞങ്ങളുടെ രഹസ്യം നിങ്ങള്‍ക്ക് പിടിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാണ് ഇ.പി. ജയരാജന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായല്ല, പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് ജോ മത്സരിക്കുകയെന്നും ഇ.പി. പറഞ്ഞു.