തൃശൂര്‍ പൂരം: വെടിക്കെട്ട് കാണാന്‍ കൂടുതല്‍ പേര്‍ക്ക് അവസരമെന്ന് മന്ത്രി കെ. രാജന്‍

തൃശൂര്‍ പൂരം വെടിക്കെട്ട് കാണാന്‍ കൂടുതല്‍ പേര്‍ക്ക് അവസരമൊരുക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ഇതിനായി പെസോയുടെ അനുമതി വാങ്ങുമെന്നും പ്രതിനിധികളോട് തൃശൂരിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തൃശൂര്‍ പൂരത്തിന് സംസ്ഥാന സര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്‍കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. ‘അതിന്റെ ഭാഗമായാണ് 15 ലക്ഷം രൂപ ടൂറിസം വകുപ്പ് ധനസഹായമായി നല്‍കിയത്. പൂരത്തോടനുബന്ധിച്ച് പൊതുമരാമത്തിന്റെ റോഡുകളിലെ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലോക ശ്രദ്ധ ആകര്‍ഷിച്ച പൂരമാണ് തൃശൂര്‍ പൂരം. അതുകൊണ്ടു തന്നെ ടൂറിസം സാധ്യതകളും വലുതാണ്. ഈ സാഹചര്യത്തില്‍ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് 15 ലക്ഷം രൂപ ടൂറിസം വകുപ്പ് പൂരത്തിനായി വിതരണം ചെയ്തത്’- പൂരത്തിന്റെ ഭാഗമായി നടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.