കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷ സംഘടനകളും മാനേജ്‌മെന്റും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ അര്‍ദ്ധരാത്രി വരെ പണിമുടക്കുമെന്ന് പ്രതിപക്ഷ സംഘടനകള്‍ വ്യക്തമാക്കി. ഗതാഗത മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

‘ഇന്ന് നടന്ന ചര്‍ച്ചയില്‍ ഈ മാസം 10 ന് ശമ്പളം നല്‍കാമെന്നാണ് കോര്‍പറേഷന്‍ സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞത്. എന്നാല്‍, 10 ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ പറഞ്ഞു. ശമ്പളം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് ആത്മാര്‍ത്ഥമായ ശ്രമമില്ല. ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാര്‍ മനസിലാക്കണം. ഇപ്പോള്‍ സൂചന സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫലമില്ലെങ്കില്‍ വലിയ പ്രക്ഷോഭം നടത്തും’- സംഘടനാ നേതാക്കള്‍ തിരുവനന്തപുരത്ത് അറിയിച്ചു.

അതേസമയം, ഒരു മാസത്തെ ശമ്പള വിതരണത്തിന് കെഎസ്ആര്‍ടിസിക്ക് വേണ്ടത് ഏകദേശം 82 കോടിയോളം രൂപയാണ്. ഏപ്രില്‍ മാസം കെ എസ് ആര്‍ ടി സിയുടെ വരുമാനം ഏതാണ്ട് 167 കോടിയാണ്. എന്നിട്ടും ശമ്പളം നല്‍കാനാകുന്നില്ല. ഇന്ധന വില വര്‍ദ്ധന കണക്ക് കൂട്ടലുകള്‍ തെറ്റിക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഗതാഗത മന്ത്രിയും അത് തന്നെ ആവര്‍ത്തിക്കുന്നു.