ചര്‍ച്ച നിരാശാജനകം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്നാവര്‍ത്തിച്ച് ഡബ്ല്യൂസിസി; എതിര്‍പ്പില്ലെന്ന് ‘അമ്മ’യും

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് താരസംഘടനയായ ‘അമ്മ’. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സിനിമ സംഘടനകളുടെ യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു സംഘടനാ പ്രതിനിധികള്‍.

‘സംഘടനയില്‍ ലഭിക്കുന്ന പരാതികള്‍ പരിഹരിക്കാനാണ് അമ്മ സംഘടന. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമ നിര്‍മ്മാണം വേണം. ഹേമ കമ്മിറ്റി രൂപീകരിച്ചത് തന്നെ ഡബ്ല്യൂസിസിയുടെ ആവശ്യപ്രകാരമാണ്. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ വെക്കാനുള്ളതും അവര്‍ക്കാണ്. അമ്മയെ സംബന്ധിച്ചിടത്തോളം പ്രത്യേക നിര്‍ദ്ദേശങ്ങള്‍ വെക്കാനില്ല. സര്‍ക്കാരാണ് റിപ്പോര്‍ട്ട് പുറത്തു വിടേണ്ടത്. സര്‍ക്കാരിന്റെ തീരുമാനത്തെ അമ്മ ഒരിക്കലും ചോദ്യം ചെയ്യില്ല. റിപ്പോര്‍ട്ടും അതിലെ കണ്ടെത്തലുകളും പുറത്തുവിടുന്നതില്‍ അനുകൂല സമീപനമാണുള്ളത്. പുതിയ നിയമനിര്‍മ്മാണം നടത്തുന്നതു വരെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എല്ലാ കാര്യങ്ങളിലും അമ്മ സംഘടന ഇടപെടും’- സംഘടനാ ട്രഷറര്‍ സിദ്ദിഖ് പറഞ്ഞു.

അതേസമയം, സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച നിരാശാജനകമായിരുന്നെന്നും ജസ്റ്റിസ് ഹേമയെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തണമെന്നും ഡബ്ല്യൂസിസി വ്യക്തമാക്കി. ഇന്നത്തെ മീറ്റിംഗില്‍ വ്യക്തതക്കുറവുണ്ടെന്നും, റിപ്പോര്‍ട്ടിലെ നിരീക്ഷണം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും ഡബ്ല്യൂസിസി ആവശ്യപ്പെട്ടു. വളരെ നിസാരമായി കണ്ടുകൊണ്ട് തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളാണ്. അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിട്ടതുപോലെ ഇതും വിടണമെന്ന് ഡബ്ല്യൂസിസി പ്രതിനിധി പത്മപ്രിയ ചൂണ്ടിക്കാട്ടി. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന്റെ അടിസ്ഥാനമെന്തെന്നാണ് മന്ത്രി സജി ചെറിയാന്‍ ചോദിച്ചത്.