ആസ്ത്മ രോഗികളാണോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ….

പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് ആസ്ത്മ. പാരമ്പര്യഘടകങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളുമാണ് ആസ്ത്മ ഉണ്ടാകാനുള്ള പ്രധാനകാരണങ്ങൾ. പൊടിപടലങ്ങൾ, പൂമ്പൊടി, കാലാവസ്ഥ മാറ്റങ്ങൾ എന്നിവയും ആസ്ത്മയ്ക്ക് കാരണമാകും. വായുമലിനീകരണം മൂലവും ആസ്ത്മ ഉണ്ടാകും. വീടിനു പുറത്തുള്ളതിനേക്കാൾ കൂടുതലാണ് വീടിനകത്തെ വായു മലിനീകരണമെന്നാണ് വിദഗ്ധർ പറയുന്നത്. വീട്ടിനുള്ളിലെ വായുമലിനീകരണമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വീട്ടിലെ വായു മലിനീകരണം എങ്ങനെ തടയാമെന്ന് നോക്കാം.

വെന്റിലേഷൻ വേണ്ടവിധത്തിലല്ലാത്തതാണ് മിക്ക വീടുകളിലെയും വായു മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. അധികം തണുപ്പോ ചൂടോ ഇല്ലാത്ത സന്ദർഭങ്ങളിൽ വായുസഞ്ചാരത്തിനായി ജനലുകളും വാതിലുകളും തുറന്നിടണം. വീട്ടിനുള്ളിൽ അശുദ്ധവായു നിലനിർത്തുന്നതിൽ ഏറിയ പങ്ക് പുകയ്ക്കാണ്. വീട്ടിനുള്ളിൽ പുക സൃഷ്ടിക്കുന്ന സാധനങ്ങൾ കത്തിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

വീട്ടിൽ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവരും അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ വായു മലിനീകരിക്കപ്പെടാനിടയുണ്ട്. വളർത്തുമൃഗങ്ങളെ വൃത്തിയോടെ പരിപാലിക്കുകയും ബെഡ്റൂമിലോ അടുക്കളയിലോ പ്രവേശിക്കാതിരിക്കാനും ശ്രദ്ധിക്കണം. വീട്ടിനുള്ളിൽ ഗന്ധം പരത്താൻ എയർഫ്രഷ്നറുകളും സുഗന്ധമുള്ള മെഴുകുതിരികളുമൊക്കെ ഉപയോഗിക്കുന്നവരുണ്ട്. ഇതും വായു മലിനീകരണത്തിന് ഇടയാക്കുകയും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.

വീട്ടിനുള്ളിൽ കാർപെറ്റ് ഇടുമ്പോഴും അതീവ ശ്രദ്ധ പുലർത്തണം. പൊടിപടലങ്ങൾ അടിഞ്ഞുകൂടുന്ന കാർപെറ്റുകൾ ആസ്ത്മ, അലർജി പോലുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.