ഐപിഎല്ലില്‍ ബാംഗ്ലൂരിന് ജയം

ഐപിഎല്ലില്‍ 174 റണ്‍സ് നേടിയിറങ്ങിയ ചെന്നൈയെ 160/8 എന്ന സ്‌കോറില്‍ പിടിച്ച് കെട്ടി 13 റണ്‍സ് വിജയം കരസ്ഥമാക്കിയപ്പോള്‍ ആര്‍സിബി തങ്ങളുടെ പ്ലേ ഓഫ് മോഹങ്ങള്‍ സജീവമാക്കി നിര്‍ത്തി. ഡെവണ്‍ കോണ്‍വേയും റുതുരാജ് ഗായക്വാഡും മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ 54 റണ്‍സാണ് ചെന്നൈ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ നേടിയത്. 28 റണ്‍സ് നേടിയ റുതുരാജിനെ മികച്ച ക്യാച്ചിലൂടെ പകരം താരമായി എത്തിയ സുയാഷ് പിടിച്ചപ്പോള്‍ ഷഹ്ബാസ് ആണ് ആദ്യ വിക്കറ്റ് നേടിയത്.

ബാറ്റ് കൊണ്ട് കസറിയില്ലെങ്കിലും റോബിന്‍ ഉത്തപ്പയെയും അമ്ബാട്ടി റായിഡുവിനെയും പുറത്താക്കി ഗ്ലെന്‍ മാക്‌സ്വെല്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം ആണ് പുറത്തെടുത്തത്. റായിഡുവും പുറത്തായപ്പോള്‍ 75/3 എന്ന നിലയിലേക്ക് ചെന്നൈ വീണു. ഡെവണ്‍ കോണ്‍വേയും മോയിന്‍ അലിയും മികച്ച നിലയില്‍ ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ 34 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയത്. 37 പന്തില്‍ 56 റണ്‍സ് നേടിയ കോണ്‍വേയെ ഹസരംഗയാണ് പുറത്താക്കിയത്.

മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 47 റണ്‍സായിരുന്നു ചെന്നൈ നേടേണ്ടിയിരുന്നത്. 18ാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പായിച്ച മോയിന്‍ അലിയെ തൊട്ടടുത്ത പന്തില്‍ മികച്ചൊരു സ്ലോവര്‍ ബോളിലൂടെ ഹര്‍ഷല്‍ പട്ടേല്‍ വീഴ്ത്തിയപ്പോള്‍ ചെന്നൈയ്ക്ക് കാര്യങ്ങള്‍ കടുപ്പമായി മാറി. 27 പന്തില്‍ 34 റണ്‍സായിരുന്നു മോയിന്‍ അലിയുടെ സംഭാവന. തൊട്ടടുത്ത ഓവറില്‍ ധോണിയെ ഹാസല്‍വുഡ് വീഴ്ത്തിയതോടെ ചെന്നൈയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. അവസാന ഓവറില്‍ 17 റണ്‍സ് പിറന്നുവെങ്കിലും 13 റണ്‍സ് വിജയം നേടി ബാംഗ്ലൂര്‍ ടോപ് ഫോറിലേക്ക് എത്തുകയായിരുന്നു.