സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ മെയ് 1 മുതൽ നിലവിൽ വരും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ മെയ് 1 മുതൽ നിലവിൽ വരും. ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്ററിന് 25 രൂപയിൽ നിന്ന് 30 രൂപയായി വർധിക്കും. ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടു രൂപയിൽ നിന്ന് പത്ത് രൂപയായും ഉയരും. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകളുടെ നിരക്കുകളിലും വർധനവുണ്ടാകും.

അഞ്ച് കിലോമീറ്ററാണ് മിനിമം ദൂരത്തിൽ ഫാസ്റ്റുകളിൽ സഞ്ചരിക്കാവുന്ന ദൂരം. സൂപ്പർ ഫാസ്റ്റുകളിൽ ഇത് 10 കിലോമീറ്ററാണ്. അതേസമയം എക്പ്രസ്, സൂപ്പർ എക്‌സ്പ്രസ്, സൂപ്പർ എയർ എക്‌സ്പ്രസ്, സൂപ്പർ ഡീലക്‌സ്, സെമീ സ്ലീപ്പർ, സിംഗിൾ ആക്‌സിൽ സർവീസുകൾ, മൾട്ടി ആക്‌സിൽ സർവീസുകൾ, ലോ ഫ്ളോർ എസി എന്നിവയുടെ മിനിമം നിരക്ക് വർധിപ്പിച്ചിട്ടില്ല.

അതേസമയം, വിദ്യാർത്ഥികളുടെ യാത്രാ നിരക്കിൽ മാറ്റമില്ല. സൂപ്പർ എക്‌സ്പ്രസുകളിൽ മിനിമം നിരക്ക് മാറ്റാതെ തന്നെ സഞ്ചരിക്കാവുന്ന ദൂരം ഉയർത്തി. നിലവിൽ 28 രൂപയ്ക്ക് 10 കിലോമീറ്ററാണ് എക്സ്പ്രസ്, സൂപ്പർ എക്‌സ്പ്രസ് ബസ്സുകളിൽ സഞ്ചരിക്കാവുന്നത്. ഇനി മുതൽ 28 രൂപയ്ക്ക് 15 കിലോമീറ്റർ ദൂരം സഞ്ചരിക്കാം.

കെ.എസ്.ആർ.ടി.സി നോൺ എ.സി ജന്റം ബസുകളുടെ മിനിമം നിരക്ക് 13 രൂപയിൽ നിന്ന് 10 രൂപയായി കുറയും. 2.5 കിലോമീറ്ററാണ് മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം. ജന്റം എ സി ബസുകളുടെ മിനിമം നിരക്ക് 26 രൂപയായി നിലനിർത്തി. അതേ സമയം കിലോമീറ്റർ നിരക്ക് 1.87 രൂപയിൽ നിന്ന് 1.75 രൂപയായി കുറഞ്ഞിട്ടുണ്ട്. എ സി ലോഫ്ലോറിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററായും നിശ്ചയിച്ചു.