കടുത്ത വേനൽച്ചൂടിൽ വലഞ്ഞിരിക്കുകയാണ് ജനങ്ങൾ. വേനൽക്കാലത്ത് ജല സമ്പുഷ്ടമായ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. വേനൽക്കാലത്ത് ജലാംശം നിലനിർത്താനും ഉന്മേഷദായകമായിരിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
തണ്ണിമത്തൻ
വിറ്റാമിൻ എ, സി, ബി പൊട്ടാസ്യം, ആന്റിഓക്സിഡന്റുകളായ ലൈക്കോപീൻ, ബീറ്റാ കരോട്ടിൻ എന്നിവ തണ്ണിമത്തനിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദാഹവും വിശപ്പും ക്ഷീണവുമകറ്റാൻ തണ്ണിമത്തനേക്കാൾ മികച്ച മറ്റൊരു ഫലവർഗം വേറെയില്ല. ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകാൻ തണ്ണിമത്തന് കഴിവുണ്ട്. വിറ്റാമിനുകളും മിനറൽസും ധാരാളം അടങ്ങിയതാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ത്വക്ക് രോഗങ്ങൾ ഇല്ലാതാക്കാൻ നല്ലതാണ്. മുടി തഴച്ച് വളരാനും തണ്ണിമത്തൻ സഹായിക്കും.
രക്തയോട്ടം വർധിപ്പിക്കാനും ഓർമ്മശക്തി കൂട്ടാനും തണ്ണിമത്തൻ വളരെ ഉത്തമമാണ്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ശരീരത്തിന് വേണ്ട ആരോഗ്യം നൽകാനും തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. കൊഴുപ്പും കൊളസ്‌ട്രോളും ഊർജ്ജവും നാരും അന്നജവും കുറവായ തണ്ണിമത്തനിൽ ധാരാളം ജലാംശവും വൈറ്റമിനും മിനറലുകളും ആന്റിഓക്‌സിഡന്റുകളുമുണ്ട്.
തക്കാളി
തക്കാളിയിൽ വിറ്റാമിൻ എ, ബി, സി, ആന്റിഓക്സിഡന്റുകൾ തുടങ്ങിയവ ധാരാളമുണ്ട്. ഇത് ശരീരത്തിൽ നിന്ന് ദോഷകരമായ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യും. ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യവും നിരവധി പോഷകങ്ങളും തക്കാളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത് തക്കാളി കഴിക്കുന്നത് ശരീരത്തെ തണുപ്പിക്കും.
തൈര്
കാത്സ്യം, വിറ്റാമിൻ ബി 2, ബി 12, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് തൈര്. മെച്ചപ്പെട്ട രോഗപ്രതിരോധശേഷി, അസ്ഥികളുടെ ശക്തി, ആരോഗ്യകരമായ ചർമ്മം എന്നിവ നേടാൻ തൈര് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനും ഇതിന് കഴിവുണ്ട്. ഒരു നുള്ള് ഉപ്പും പഞ്ചസാരയും ചേർക്കുന്നത് കൂടുതൽ നല്ലതാണ്. തൈര് ഒരു മികച്ച സ്‌ട്രെസ് റിലീവറും ഉത്കണ്ഠ കുറയ്ക്കുന്ന പദാർത്ഥവുമാണ്.
വെള്ളരിക്ക
വേനൽക്കാലത്ത് കഴിക്കാൻ ഏറ്റവും മികച്ച ഒന്നാണ് വെള്ളരിക്ക. 95 ശതമാനം വെള്ളം അടങ്ങിയിട്ടുള്ള ഭക്ഷണമാണിത്. അതിനാൽ ഇവ ശരീരത്തിലെ ജലാംശം നിലനിർത്തും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും ഇത് ഒരു മികച്ച ഭക്ഷണമാണ്. ഉയർന്ന പൊട്ടാസ്യം, മഗ്‌നീഷ്യം, നാരുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനും വെള്ളരിക്ക നല്ലതാണ്.

