തിരുവനന്തപുരം: പി സി ജോർജിന് പിന്നിൽ സംഘപരിവാർ നേതാക്കളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ഇടങ്ങളിൽ സ്ഥാനം നഷ്ടപ്പെട്ട സംഘപരിവാർ ശക്തികൾ ഇടം ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വർഗീയ ശക്തികളും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയും സി.പി.എമ്മും സ്വീകരിച്ച വർഗീയപ്രീണന നയത്തിന്റെ ഭവിഷ്യത്താണിത്. വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്നതല്ല അഭിപ്രായ സ്വാതന്ത്രം. പി.സി ജോർജിനെ കൊണ്ട് ഈ വർത്തമാനം പറയിച്ച സംഘപരിവാർ നേതാക്കൾക്കെതിരെയും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി.സി. ജോർജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ യൂത്ത് കോൺഗ്രസും യൂത്ത്ലീഗും പരാതി നൽകിയിരുന്നു. എന്നിട്ടും പ്രസംഗിച്ച് 24 മണിക്കൂറിന് ശേഷമാണ് എഫ്.ഐ.ആർ ഇടാൻ പൊലീസ് തയാറായത്. കസ്റ്റഡിയിൽ എടുത്ത ശേഷവും സ്വന്തം വാഹനത്തിൽ ആഘോഷപൂർവമാണ് തിരുവനന്തപുരത്ത് എത്തിച്ചത്. വഴിയരികിൽ കാത്ത് നിന്ന സംഘപരിവാർ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിക്കാനും പോലീസ് സൗകര്യം ചെയ്തു കൊടുത്തു. ഇത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും വി ഡി സതീശൻ വിമർശിച്ചു.

