തന്റെ അറസ്റ്റ് തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനം; ആരോപണവുമായി പി സി ജോർജ്

തിരുവനന്തപുരം: തന്റെ അറസ്റ്റ് തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമാണെന്ന് പി സി ജോർജ്. അറസ്റ്റിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായ ശേഷം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിന് പിന്നാലൊണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹിന്ദുമഹാസമ്മേളനത്തിൽ ലുലു ഗ്രൂപ്പ് ഉടമ യൂസഫലിക്കെതിരേ നടത്തിയ പരാമർശങ്ങൾ പിൻവലിക്കുന്നതായും അദ്ദേഹം വിശദമാക്കി.

ബഹുമാനപ്പെട്ട കോടതി തനിക്ക് ജാമ്യം തന്നു. സാക്ഷിയെ സ്വാധീനിക്കരുത്, വിദ്വേഷമുണ്ടാക്കരുത് എന്നാണ് കോടതി പറഞ്ഞത്. ഞാൻ എന്തെല്ലാം കാര്യങ്ങൾ പറഞ്ഞിട്ടുണ്ടോ അതിൽ ഉറച്ചുനിൽക്കുന്നയാളാണ്. ഇന്നുവരെ ഞാൻ ഏതെങ്കിലും കാര്യം പറഞ്ഞത് പിൻവലിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

കഴിഞ്ഞദിവസം ഹിന്ദുമഹാസമ്മേളനത്തിൽ ഹാളിൽ നടത്തിയ പ്രസംഗമാണ്. മുസ്ലീം തീവ്രവാദികളുടെ വോട്ട് തനിക്ക് വേണ്ട, ഇന്ത്യാരാജ്യത്തെ സ്നേഹിക്കാത്തവൻ, അത് മുസൽമാനായാലും ക്രൈസ്തവനായാലും ഹൈന്ദവനായാലും തനിക്ക് വേണ്ട എന്ന് പറഞ്ഞ ഞാൻ എങ്ങനെ വർഗീയവാദിയാകുമെന്നും അദ്ദേഹം ചോദിച്ചു.