ദിനോസര്‍ തരംഗം വീണ്ടും; ‘ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍’ എത്തുന്നു

ന്യൂഡല്‍ഹി: സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ദിനോസര്‍ തരംഗം വീണ്ടും. ജുറാസിക് വേള്‍ഡ് സിരീസിലെ മൂന്നാം ചിത്രമായ ‘ജുറാസിക് വേള്‍ഡ് ഡൊമിനിയന്റെ’ രണ്ടാമത്തെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രം ജൂണ്‍ 10ന് തിയേറ്ററുകളില്‍ എത്തും.

ഒരു ചെറിയ ദിനോസറിനെ വേട്ടയാടുന്നതും പിന്നീട് ദിനോസറുകള്‍ മുഴുവന്‍ ഒന്നിച്ചെത്തി കീഴടക്കുന്ന നഗരങ്ങളുടെ കാഴ്ചകളുമാണ് ട്രെയിലറിലുള്ളത്. ദിനോസറുകള്‍ ജനങ്ങള്‍ക്കിടയില്‍ എത്തുന്നതും അവിടെ സൃഷ്ടിക്കുന്ന ഭീതിയുമാണ് ചിത്രത്തിന്റെ പ്ലോടെന്നാണ് ട്രെയിലറുകളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.

നേരത്തെ പുറത്തുവിട്ടിരുന്ന ആദ്യ ട്രെയിലറിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ആറരക്കോടി വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ദിനോസര്‍ ലോകത്തിലേക്ക് വാതില്‍ തുറക്കുന്ന ദൃശ്യങ്ങള്‍ ട്രെയിലറില്‍ ഉള്‍കൊള്ളിച്ചിരുന്നു. 1993 ലാണ് സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ജുറാസിക് പാര്‍ക് പുറത്തിറങ്ങിയത്. ഈ സിരീസില്‍ മൂന്ന് ചിത്രങ്ങളും പിന്നീടെത്തിയ ജുറാസിക് വേള്‍ഡ് സിരീസില്‍ രണ്ട് ചിത്രങ്ങളുമാണ് ഇതുവരെ ഇറങ്ങിയിട്ടുള്ളത്.