ബിജെപിയെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ മൂന്നാം മുന്നണിക്ക് സാധിക്കില്ല; രണ്ടാം മുന്നണി വേണമെന്ന് പ്രശാന്ത് കിഷോർ

ന്യൂഡൽഹി: ബിജെപിയെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ മൂന്നാം മുന്നണിക്കു സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ. രണ്ടാം മുന്നണിയ്‌ക്കേ അത് സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഒന്നിച്ച് രണ്ടാം മുന്നണിയായി ഉയർന്നു വരികയാണു വേണ്ടതെന്ന് അദ്ദേഹം അറിയിച്ചു. ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റ പരാമർശം.

കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പ് സാധ്യമായാൽ അത് ജനാധിപത്യത്തിനു നല്ലതാണ്. കോൺഗ്രസിന്റെ പ്രതാപകാലം എങ്ങനെ വീണ്ടെടുക്കാം എന്നതിനെക്കുറിച്ചായിരുന്നു തന്റെ അവതരണം. അതു കേവലം ഒന്നോ രണ്ടോ തെരഞ്ഞെടുപ്പുകളിൽ ജയിക്കലല്ല. മറിച്ച് രാജ്യത്തെ കരുത്തുറ്റ രാഷ്ട്രീയ ശക്തിയായി കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മോദിയെ എങ്ങനെ പരാജയപ്പെടുത്തണം എന്നല്ല, മറിച്ച് എങ്ങനെ വിജയിക്കാം എന്നതാണ് അത്. രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ബിജെപി അജയ്യരായ പാർട്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബിജെപിയെ ഒന്നാം മുന്നണിയായി കണക്കാക്കുകയാണെങ്കിൽ അവരെ തോൽപിക്കാൻ രണ്ടാം മുന്നണി തന്നെ വരണം. ആർക്കെങ്കിലും ബിജെപിയെ തോൽപിക്കണമെന്നുണ്ടെങ്കിൽ അവർ രണ്ടാം മുന്നണിയായി മാറണമെന്നും അദ്ദേഹം നിലപാട് അറിയിച്ചു. കോൺഗ്രസ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ പാർട്ടിയാണെന്നും എന്നാൽ അവരെ രണ്ടാം മുന്നണിയായി കണക്കാക്കുന്നില്ലെന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.