ഉത്തരസൂചികയിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കും; നിലപാടിൽ അയഞ്ഞ് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഉത്തരസൂചിക വിവാദത്തിൽ നിലപാടിൽ അയവു വരുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിലെ ഉത്തരസൂചികയിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. സത്യസന്ധവും നീതിയുക്തവുമായ മൂല്യനിർണയം ഉറപ്പുവരുത്തും, അർഹതപ്പെട്ട മാർക്ക് വിദ്യാർഥികൾക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഹയർസെക്കൻഡറി കെമിസ്ട്രി മൂല്യനിർണയത്തിൽ നിന്ന് ഒരു വിഭാഗം അധ്യാപകർ വിട്ടുനിൽക്കുന്ന വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇത്തവണത്തെ കെമിസ്ട്രി പരീക്ഷ താരതമ്യേന ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് പരാതികളുയർന്നിരുന്നിരുന്നു. വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട മാർക്ക് കിട്ടുന്ന തരത്തിലുള്ള ഫൈനലൈസേഷൻ സ്‌കീം ഉപയോഗിക്കണമെന്നാണ് അധ്യാപകർ ആവശ്യപ്പെടുന്നത്. തെറ്റായ ഉത്തര സൂചിക തുടർന്നാൽ കുട്ടികൾക്ക് 20 മാർക്ക് വരെ കുറയുമെന്നും അധ്യാപകർ പറയുന്നു. കുട്ടികൾക്ക് മാർക്ക് നഷ്ടപ്പെടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കുന്നത്.