‘ക്യാഷ്‌ ലെസ് ഡേ ഔട്ട്’; ഡിജിറ്റല്‍ പേയ്‌മെന്റുകളെ പ്രോത്സാഹിപ്പിക്കണമെന്ന നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി

മന്‍ കി ബാത്തിലൂടെ നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്യാഷ്ലെസ് ഡേ ഔട്ട് എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഇതിനായുള്ള പ്രചാരണം വ്യാപകമാക്കുകയാണ് പ്രധാനമന്ത്രി. പുറത്തിറങ്ങുമ്പോള്‍ ഇനി കയ്യില്‍ കാശ് കരുതാതെ പേയ്മെന്റുകള്‍ പരമാവധി ഓണ്‍ലൈനാക്കാനാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. ഇതോടെ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയോജനം ലഭിക്കുമെന്ന് മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം, രാജ്യത്തിന്റേയും നമ്മുടെയും ഭൂതകാലത്തെക്കുറിച്ച് മികച്ച ധാരണയുണ്ടാക്കുന്നതിനായി അവധി ദിവസങ്ങളില്‍ തൊട്ടടുത്തുള്ള മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ചെയ്യുന്നത് കുട്ടികള്‍ക്ക് രാജ്യവുമായുള്ള ബന്ധം ശക്തമാക്കുമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. കൊവിഡ് കാലത്ത് മ്യൂസിയങ്ങളെ ഡിജിറ്റലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടന്നെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

‘നിങ്ങള്‍ നടത്തുന്ന ചെറിയ പണമിടപാട് പോലും രാജ്യത്തിന്റെ ഡിജിറ്റല്‍ എക്കോണമിയ്ക്ക് വലിയ സഹായമാകും. നിലവില്‍ പ്രതിദിനം 20,000 കോടി രൂപയുടെ ഡിജിറ്റല്‍ പണമിടപാടുകളാണ് രാജ്യത്ത് നടക്കുന്നത്. ഇത് ഇനിയും വര്‍ധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.