തിരുവനന്തപുരം: അതിഷി മർലേനയുടെ ട്വീറ്റിന് മറുപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ മേഖലയിലെ ‘ഡൽഹി മോഡൽ’ പഠിക്കാൻ കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ രാജ്യതലസ്ഥാനത്ത് എത്തിയെന്ന ആം ആദ്മി പാർട്ടി എം.എൽ.എയുടെ ട്വീറ്റിനാണ് അദ്ദേഹം മറുപടി നൽകിയത്.
ഡൽഹി മോഡലിനെക്കുറിച്ചു പഠിക്കാൻ കേരള വിദ്യാഭ്യാസ വകുപ്പ് ആരെയും അയച്ചിട്ടില്ലെന്ന് ശിവൻകുട്ടി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയും അദ്ദേഹം വിഷയവുമായി ബന്ധപ്പെട്ട പ്രതികരണം നടത്തിയിരുന്നു. ആപ്പിന് ആരോ ‘ആപ്പ്’ വച്ചതാണെന്ന് തോന്നുന്നു, ഡൽഹി മാതൃക പഠിക്കാൻ കേരളത്തിൽ നിന്നാരെയും പൊതുവിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ല. കുറച്ചു ദിവസം മുമ്പ് കേരള മാതൃക പഠിക്കാൻ വന്ന ഡൽഹിക്കാർക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ട്. എംഎൽഎ സ്വീകരിച്ചത് ആരെയാണെന്ന് അറിയാൻ താല്പര്യമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഡൽഹി കാൽകജിയിലെ സ്‌കൂളുകളിലൊന്നിൽ കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തിയെന്നായിരുന്നു അതിഷി ട്വീറ്റ് ചെയ്തിരുന്നു. വിദ്യാഭ്യാസത്തിലെ ഡൽഹി മോഡൽ മനസ്സിലാക്കാനും കേരളത്തിൽ നടപ്പിലാക്കാനും അവർക്ക് താൽപര്യമുണ്ടെന്നും അദിഷി വ്യക്തമാക്കിയിരുന്നു. ഇതാണ് അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ രാഷ്ട്രനിർമിതിയുടെ ആശയം. സഹകരണത്തിലൂടെ വികസനമെന്നും അദിഷി പറഞ്ഞിരുന്നു.

