തിരുവനന്തപുരം: കെഎസ്ആർടിസി കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോൾ വിദേശയാത്രക്കൊരുങ്ങി സിഎംഡി ബിജു പ്രഭാകർ. യൂറോപ്പിലെ വൃത്തിയുള്ള ബസുകളെപ്പറ്റി പഠിക്കാനാണ് സിഎംഡിയുടെ വിദേശയാത്ര. മെയ് 11 മുതൽ 14 വരെ നെതർലൻഡ് തലസ്ഥാനമായ ആംസ്റ്റർഡാമിലേക്കാണ് ബിജു പ്രഭാകർ പോകുന്നത്. ബസുകളെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കുന്ന അദ്ദേഹം നഗരഗതാഗത സംവിധാനത്തെക്കുറിച്ചുള്ള പഠനത്തിലും പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ അനുമതിക്കു വിധേയമായിട്ടായിരിക്കും യാത്ര നടത്തുന്നത്.
വിദേശയാത്രയ്ക്ക് വേണ്ടി ബിജു പ്രഭാകറിന് യാത്രാ ചെലവിനായി ദിവസേന 100 ഡോളർ നൽകണമെന്നാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള വിദേശ യാത്രക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
ശമ്പളമില്ലാതെ ജീവനക്കാർ നട്ടംതിരിയുന്ന സാഹചര്യത്തിലാണ് സിഎംഡിയുടെ വിദേശയാത്രയെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. മുൻ സർക്കാരുകളുടെ കാലത്തും വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ഗതാഗത സംവിധാനത്തെക്കുറിച്ച് പഠിക്കാൻ വിദേശ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു.

