കെ റെയിൽ; അതിർത്തിക്കല്ലിടലിന് ഇതുവരെ ചെലവായത് 82 ലക്ഷത്തോളം രൂപ

k rail

കൊച്ചി: കെ റെയിൽ പദ്ധതിയുടെ അതിർത്തിക്കല്ലിടലിന് ഇതുവരെ ചെലവായത് എൺപത്തിരണ്ട് ലക്ഷത്തോളം രൂപ. ഉദ്യോഗസ്ഥരുടെ ചെലവും ഓരോ പ്രദേശത്തും കല്ല് എത്തിച്ച് സ്ഥാപിക്കാനായി കഴിഞ്ഞ ഫെബ്രുവരി വരെ 81.60 ലക്ഷം രൂപയാണ് കെ റെയിൽ ചെലവാക്കിയതെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ നമ്പൂതിരിക്ക് കെ റെയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വിശദീകരിച്ചിട്ടുള്ളത്.

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ സർവേകൾക്കായി ഇതുവരെ 3.23 കോടി രൂപയും അലൈൻമെന്റ് തയാറാക്കാനുള്ള ലിഡാർ ആകാശ സർവേയ്ക്ക് 2.08 കോടി രൂപയും ട്രാഫിക്, ട്രാൻസ്പോർട്ടേഷനായി 23.75 ലക്ഷം രൂപയും ഭൂപ്രകൃതിയെ കുറിച്ചു കൃത്യമായി മനസിലാക്കാനുള്ള ടോപോഗ്രഫിക്കൽ സർവേയ്ക്കായി 8.27 ലക്ഷം രൂപയും ചെലവായെന്നും വിവരാവകാശ രേഖയിൽ പറയുന്നു.

അതേസമയം, കെ റെയിലിന്റെ പ്രതിച്ഛായ കൂട്ടാനായി 59.47 ലക്ഷം രൂപ ചെലവാക്കി. പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ എത്തിയ 12 കേസുകൾ വാദിക്കാനായി അഭിഭാഷകർക്ക് 6.11 ലക്ഷം രൂപയും നൽകി. ഡി പി ആർ തയാറാക്കാൻ മാത്രം 22 കോടി രൂപ ചെലവായെന്നും കണക്കുകളിൽ നിന്നും വ്യക്തമാണ്.