ഡിവൈഎഫ്‌ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ ഫൈന്‍; കുടുംബശ്രീ അംഗങ്ങള്‍ക്ക് എഡിഎസിന്റെ വാട്‌സ്ആപ്പ് സന്ദേശം

പത്തനംതിട്ട: ഡിവൈഎഫ്‌ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഫൈനെന്ന് ശബ്ദസന്ദേശം. പത്തനംതിട്ട ചിറ്റാര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ കുടുംബശ്രീ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വാര്‍ഡിലെ എ ഡി എസ് അംഗത്തിന്റെ ശബ്ദസന്ദേശമാണ് വിവാദമായത്. പി കെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറില്‍ പങ്കെടുക്കാത്തവര്‍ക്ക് 100 രൂപ ഫൈന്‍ ഉണ്ടെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് ‘ലിംഗ പദവിയും ആധുനിക സമൂഹവും’ എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. സെമിനാറില്‍ പങ്കെടുക്കാന്‍ സെറ്റ് സാരിയും മറൂണ്‍ ബ്ലൗസും ധരിച്ച് എത്തണമെന്നാണ് ശബ്ദ സദേശത്തിലൂടെ എ ഡി എസ് അംഗം ആവശ്യപ്പെടുന്നത്. എല്ലാ കുടുംബശ്രീയില്‍ നിന്നും അഞ്ച് പേര്‍ വീതം നിര്‍ബന്ധമായും സെമിനാറില്‍ പങ്കെടുക്കണമെന്നും പരിപാടിയില്‍ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളില്‍ നിന്നും ഫൈന്‍ ഈടാക്കുമെന്നുമാണ് ശബ്ദ സന്ദേശത്തിലുള്ളത്.