വസ്തുതാപരമായ പിശക് സംഭവിച്ചു; മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: യുഎസിലെ മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് റദ്ദാക്കി പൊതുഭരണവകുപ്പ്. വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇക്കാര്യം വ്യക്തമാക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുഭരണ അക്കൗണ്ട്‌സ് വിഭാഗമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഏപ്രിൽ 13 നാണ് മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കു പണം അനുവദിച്ച് ആദ്യ ഉത്തരവ് പുറത്തിറക്കിയത്. മാർച്ച് 30 നാണ് മുഖ്യമന്ത്രി അമേരിക്കയിലെ ചികിത്സയ്ക്കു ചെലവായ 29.82 ലക്ഷം രൂപ അനുവദിച്ചു തരണമെന്നാവശ്യപ്പെട്ട് പൊതുഭരണ വകുപ്പിന് അപേക്ഷ സമർപ്പിച്ചത്. തുടർന്നാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവിൽ അറിയിച്ചിരുന്നു. തുടർപരിശോധനയിൽ, ക്രമപ്രകാരമല്ലാതെയോ അധികമായോ തുക മാറി നൽകിയതായി കാണുന്ന പക്ഷം മുഖ്യമന്ത്രി പ്രസ്തുത തുക തിരിച്ച് അടയ്ക്കണമെന്നും ആദ്യം ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ തുടർപരിശോധനയിൽ, ക്രമപ്രകാരമല്ലാതെ തുക മാറി നൽകിയതായി കണ്ടെത്തിയാൽ തിരിച്ചടയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് സ്വന്തം വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത് ഉചിതമല്ലെന്നാണ് സർക്കാർ വിലയിരുത്തൽ. വസ്തുതാപരമായ ഇത്തരം പിശകുകൾ ഉത്തരവിൽ കടന്നു കൂടിയത് കൊണ്ടാണ് ഉത്തരവ് റദ്ദ് ചെയ്യാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. ആദ്യ ഉത്തരവ് റദ്ദാക്കിയതോടെ ചികിത്സാ തുക ലഭിക്കാനായി മുഖ്യമന്ത്രി ഇനിയും കാത്തിരിക്കേണ്ട അവസ്ഥയിലാണ്.