കഴിഞ്ഞ മാസത്തെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ശമ്പളം നാളെയോടെയെന്ന് മാനേജ്‌മെന്റ്‌

സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം നാളെ വിതരണം ചെയ്യാനാകുമെന്ന് മാനേജ്മെമെന്റ് അറിയിച്ചു. സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കോര്‍പ്പറേഷന്റെ അക്കൗണ്ടിലെത്തുകയും, ബാങ്കില്‍ നിന്ന് 50 കോടിയുടെ ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് മുഴുവന്‍ ശമ്പളവും നല്‍കാനാണ് നീക്കം.

മുടങ്ങിക്കിടക്കുന്ന ശമ്പളം വിതരണം ചെയ്യാത്തതില്‍ കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ ഓരോ ദിവസവും പ്രതിഷേധം കടുപ്പിക്കുകയാണ്. ഈ മാസം 28 ന് ഇടത് സംഘടനകളും അടുത്ത മാസം 6 ന് പ്രതിപക്ഷ സംഘടനയും സംസ്ഥാനത്ത് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

വിഷുവിന് മുന്‍പ് ശമ്പളം നല്‍കിയില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരണം ഉള്‍പ്പടെ ഉണ്ടാകുമെന്ന് എഐടിയുസി നേരത്തെ അറിയിച്ചിരുന്നു. ശമ്പളം ലഭിക്കും വരെ പ്രതിഷേധം തുടരാനാണ് സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.