മോസ്‌കോ: മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചെന്ന് റഷ്യൻ ടിവി ചാനൽ. യുക്രൈനിനെതിരെ ആക്രമണം നടത്തുന്നതിന് കരിങ്കടലിൽ വിന്യസിച്ചിരുന്ന റഷ്യയുടെ കൂറ്റൻ യുദ്ധക്കപ്പൽ യുക്രൈൻ മിസൈലാക്രമണത്തിൽ തകർത്തതോടെയാണ് റഷ്യൻ ടിവി ചാനൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റഷ്യൻ സർക്കാറിന്റെ പ്രചാരണങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന റഷ്യ വൺ ഔദ്യോഗിക ടെലിവിഷൻ ചാനലാണ് ഇത്തരമൊരു പരാമർശം നടത്തിയത്.
തങ്ങളുടെ യുദ്ധക്കപ്പലിന്റെ തകർച്ചയോടെ മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചതായാണ് ചാനലിലെ സെലബ്രിറ്റി വാർത്താ അവതാരകനായ ഓൽഗ സ്‌കബയോവ വ്യക്തമാക്കിയത്. ചർച്ചക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇത് ലോകമഹായുദ്ധം തന്നെയാണ്, ഒരു സംശയവും വേണ്ടെന്നാണ് ഓൽഗ അഭിപ്രായപ്പെട്ടത്. നമ്മളിപ്പോൾ പൊരുതുന്നത് നാറ്റോയോടല്ല, അവരുടെ ആയുധസമ്പത്തുകളോടാണെന്നും ഓൽഗ വ്യക്തമാക്കി.
യുദ്ധക്കപ്പലിന് എതിരായി നടന്ന ആക്രമണം തങ്ങളുടെ മണ്ണിനു നേർക്കുള്ള യുദ്ധം തന്നെയാണെന്നാണ് ചർച്ചയിൽ പങ്കെടുത്ത ഒരാൾ അഭിപ്രായപ്പെട്ടത്. യുക്രൈനിൽ നടത്തുന്ന ആക്രമണത്തെ റഷ്യ ഔദ്യോഗികമായി യുദ്ധം എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നും അതിനു പകരം, പ്രത്യേക സൈനിക നടപടി എന്നാണ് അവർ വിശേഷിപ്പിക്കുന്നതെന്നും ചർച്ചയിൽ പങ്കെടുത്ത ഒരാൾ സൂചിപ്പിച്ചപ്പോൾ നമ്മളല്ല യുദ്ധം ചെയ്യുന്നത് ശത്രുക്കളാണെന്ന് ഓൽഗ പറഞ്ഞു.

