ധനമന്ത്രി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. മന്ത്രി സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെയായിരുന്നു അപകടം. രാത്രി പത്തരയോടെ തിരുവനന്തപുരം കുറവൻകോണത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം.

വലിയ ശബ്ദത്തോടെ ടയർ പൊട്ടിത്തെറിച്ച് വാഹനത്തിൽ നിന്ന് ഊരിമാറുകയായിരുന്നു. കാറിന് അധികം വേഗതയില്ലാതിരുന്നതിനാൽ മാത്രമാണ് വലിയ അപകടം ഒഴിവായത്. വാഹനത്തിന്റെ കാലപ്പഴക്കവും മോശം സ്ഥിതിയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഏകദേശം രണ്ട് ലക്ഷം കിലോമീറ്റർ ഓടിയ ഇന്നോവയിലാണ് മന്ത്രി യാത്ര ചെയ്തിരുന്നത്. വാഹനം മാറാൻ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് അദ്ദേഹം പഴയ വാഹനത്തിൽ തന്നെ തുടരുകയായിരുന്നു. മുഖ്യമന്ത്രിയടക്കം പുതിയ വാഹനത്തിലേക്ക് മാറിയിട്ടും ധനമന്ത്രി പഴയ വാഹനത്തിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.