പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി: മുന്നറിയിപ്പ് നൽകി കേരളാ പോലീസ്

തിരുവനന്തപുരം: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി കേരളാ പോലീസ്. പാലക്കാട് ജില്ലയിൽ നടന്ന രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിൻമാരും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

അതേസമയം, പാലക്കാട് നടന്ന അനിഷ്ട സംഭവങ്ങളെത്തുടർന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്തും വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുകയോ അക്രമ സംഭവങ്ങൾക്ക് ആഹ്വാനം ചെയ്യുകയോ ചെയ്യുന്നവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. എല്ലാത്തരം സമൂഹമാധ്യമങ്ങളിലും 24 മണിക്കൂറും സൈബർ പട്രോളിംഗ് നടത്താൻ സൈബർഡോം, ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ പോലീസ് സ്റ്റേഷൻ എന്നിവയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.