അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ഡിജിപി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. പാലക്കാട് എലപ്പുള്ളിപാറയിലാണ് എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടത്. തുടർ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നാണ് ഡിജിപി അനിൽകാന്ത് നൽകിയിരിക്കുന്ന നിർദ്ദേശം. ജില്ലാ പോലീസ് മേധാവി മാർക്കാണ് അദ്ദേഹം ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. അവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

പള്ളിയിൽ നിന്ന് നിസ്‌കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് എസ്ഡിപിഐ പ്രവർത്തകന് നേരെ ആക്രമണം ഉണ്ടായത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി സുബൈറിനെ വെട്ടുകയായിരുന്നു. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സൂബൈറിന്റെ പിതാവിനും പരിക്കേറ്റിട്ടുണ്ട്. ബൈക്കിൽ നിന്നും വീണാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പല നിർണായക വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. സുബൈറിനെ കൊലപ്പെടുത്താൻ വന്ന സംഘം ഉപയോഗിച്ച ഇയോൺ കാറിന്റെ നമ്പർ, മാസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ബിജെപി- ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. അക്രമികൾ ഉപേക്ഷിച്ച കാർ നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്.