സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന ട്രെയിനുകളിൽ റിസർവേഷൻ ടിക്കറ്റില്ലാതെ യാത്ര ചെയ്യാം; തീരുമാനവുമായി റെയിൽവെ

തിരുവനന്തപുരം: സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന ട്രെയിനുകളിൽ റിസർവേഷൻ ടിക്കറ്റില്ലാതെ ഇനി യാത്ര ചെയ്യാം. ഏപ്രിൽ അവസാനത്തോടെ കേരളത്തിലോടുന്ന മുഴുവൻ വണ്ടികളിലും ജനറൽ കോച്ചിൽ റിസർവേഷൻ നിർത്താനാണ് റെയിൽവേയുടെ തീരുമാനം. ജനശതാബ്ദി, രാജധാനി ട്രെയിനുകളിൽ മാത്രമാണ് ഇനി പൂർണ റിസർവേഷൻ ഉണ്ടാകുക. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ 74 ട്രെയിനുകളിലാണ് മാറ്റം വരുത്തുന്നത്. അതേസമയം, ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള 192 ട്രെയിനുകളിലും സാധാരണ ടിക്കറ്റെടുത്ത് യാത്ര ചെയ്യാം.

മാർച്ച് 10 മുതൽ മേയ് ഒന്നുവരെ ഏഴു ഘട്ടമായിട്ടാണ് ജനറൽ സിറ്റിങ് കോച്ചുകളിലെ റിസർവേഷൻ നീക്കുന്നത്. 14 തീവണ്ടികളിൽ ഏപ്രിൽ ഒന്നിനുതന്നെ റിസർവേഷൻ ഒഴിവാക്കിയിരുന്നു. റിസർവാക്കിയ ജനറൽ കോച്ചിൽ ആളില്ലാത്തതിനാലാണ് റെയിൽവെ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മുഴുവൻ ജനറൽ കോച്ചുള്ള മംഗളൂരു കൊച്ചുവേളി അന്ത്യോദയ (16355/16356), മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (16610) വരെ നേരത്തെ ജനറൽ കോച്ച് പുനഃസ്ഥാപിച്ചിരുന്നു.