കേന്ദ്ര പെന്‍ഷന്‍ വര്‍ഷത്തില്‍ 1% വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍

ന്യൂഡല്‍ഹി: വിരമിക്കുന്നതിന്റെ പിറ്റേവര്‍ഷം മുതല്‍ കേന്ദ്ര പെന്‍ഷന്‍ 1% വര്‍ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍.

നിലവില്‍ 80 വയസ്സിലാണ് അടിസ്ഥാന പെന്‍ഷന്‍ 80% വര്‍ധിക്കുന്നത്. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പെന്‍ഷന്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് പെന്‍ഷനാകുന്നതിനു പിറ്റേവര്‍ഷം മുതല്‍ 1% വര്‍ധനയെന്ന ആശയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയത്. ഓരോ വര്‍ഷവും 1% വീതം വര്‍ധിച്ച് 80 വയസ്സാകുമ്പോള്‍ നിലവിലുള്ളതു പോലെ തന്നെ 20% വര്‍ധന ലഭിക്കുകയും ചെയ്യും.

അതേസമയം, കേന്ദ്ര പെന്‍ഷന്‍കാര്‍ക്ക് എല്ലാ മാസവും നല്‍കുന്ന 1000 രൂപ ഫിക്‌സ്ഡ് മെഡിക്കല്‍ അലവന്‍സ് 2000 രൂപയാക്കിയേക്കും. 2017 ജൂലൈയിലാണ് അലവന്‍സ് 1000 രൂപയാക്കിയത്. മരുന്നുവിലയടക്കം കൂടിയതു പരിഗണിച്ച് വര്‍ധന വേണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെട്ടത്. പെന്‍ഷന്‍കാര്‍ക്ക് 6 മാസത്തിലൊരിക്കലോ വര്‍ഷത്തിലൊരിക്കലോ വൈദ്യപരിശോധനയ്ക്ക് അവസരമൊരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.