ന്യൂഡൽഹി: 108 അടി ഉയരമുള്ള കൂറ്റൻ ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹനുമാൻ ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രി പ്രതിമ രാജ്യത്തിന് സമർപ്പിച്ചത്. ഗുജറാത്തിലെ മോർബിയിലുള്ള ബാപ്പു കേശവാനന്ദ് ജി ആശ്രമത്തിലാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. ഹനുമാൻജി ചാർധാം പദ്ധതിയുടെ ഭാഗമായി നിർമിക്കപ്പെട്ടിട്ടുള്ള രണ്ടാമത്തെ പ്രതിമയാണിത്. രാജ്യത്തിന്റെ നാല് ദിക്കുകളിലായി ഹനുമാൻ പ്രതിമകൾ സ്ഥാപിക്കുന്ന ബൃഹത് പദ്ധതിയാണ് ഹനുമാൻജി ചാർധാം.
പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ പടിഞ്ഞാറു വശത്ത് സ്ഥാപിക്കപ്പെട്ട ഹനുമാൻ പ്രതിമയാണ് മോർബിയിലുള്ളത്. 1500 ടൺ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചത്. 2010 ലാണ് ഹനുമാൻജി ചാർ ധാം പദ്ധതി പ്രകാരമുള്ള ആദ്യ പ്രതിമ സ്ഥാപിച്ചത്. ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് ആദ്യ പ്രതിമയുള്ളത്. രാജ്യത്തിന്റെ തെക്കുഭാഗത്ത് മൂന്നാമത്തെ ഹനുമാൻ പ്രതിമയുടെ നിർമാണം ആരംഭിച്ചു കഴിഞ്ഞു. രാമേശ്വരത്ത് പണികഴിപ്പിക്കുന്ന ഹനുമാൻ പ്രതിമയുടെ തറക്കല്ലിടൽ ചടങ്ങ് കഴിഞ്ഞ ഫെബ്രുവരിയിലാണ് നിർവ്വഹിച്ചത്.
അതേസമയം, നാലാമത്തെ ഹനുമാൻ പ്രതിമ പശ്ചിമ ബംഗാളിൽ നിർമിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.

