കെഎസ്ഇബി തര്‍ക്കം; സമരക്കാരുമായി വൈദ്യുതി മന്ത്രി തിങ്കളാഴ്ച ചര്‍ച്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ഇ.ബി സമരവുമായി ബന്ധപ്പെട്ട് സമരക്കാരുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി തിങ്കളാഴ്ച ചര്‍ച്ച നടത്തും. പ്രശ്‌നം പരിഹരിക്കുന്നതിനായി ഇടപെടല്‍ നടത്തണമെന്ന് മന്ത്രിക്ക് സി.പി.എം നേതൃത്വത്തിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തലത്തില്‍ സമരം പരിഹരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നത്.

അതേസമയം, ബോര്‍ഡ് ചെയര്‍മാനും ഓഫീസേഴ്‌സ് അസോസിയേഷനും തമ്മില്‍ നേരത്തെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുകയും നേരിട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് വൈദ്യുതി മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. വിഷയത്തില്‍ മന്ത്രി ഇടപെടാത്തതിനെ വിമര്‍ശിച്ച് സി.ഐ.ടി.യു നേതൃത്വവും രംഗത്തെത്തിയിരുന്നു.