തിരുവനന്തപുരം: സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേ ഉള്ളൂവെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ഡോക്ടര്‍ ബി അശോക്. ‘കെഎസ്ഇബിയില്‍ നിലവില്‍ പ്രശ്നങ്ങളില്ല. പരസ്പര ബഹുമാനത്തോടെയുള്ള സമവായത്തിന്റെ ഭാഷയാണ് മാനേജ്മെന്റിന്റെത്’- ചെയര്‍മാന്‍ വ്യക്തമാക്കി.
എന്നാല്‍, ചെയര്‍മാന്റെ ഏകാധിപത്യ പ്രവണതയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സ്ഥലം മാറ്റം പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും ഓഫീസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
അതേസമയം, നേതാക്കളുടെ സ്ഥലംമാറ്റ ഉത്തരവ് തയ്യാറാക്കിയ ശേഷമാണ് ഫിനാന്‍സ് ഡയറക്ടറെ ചെയര്‍മാന്‍ കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്ക് നിയോഗിച്ചത്. ചര്‍ച്ചക്ക് ശേഷം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും അതൊടൊപ്പം തന്നെ സ്ഥലംമാറ്റ ഉത്തരവും പുറത്തിറക്കിയിരുന്നു. സംസ്ഥാന ഭാരവാഹി ജാസ്മിന്‍ ബാനുവിനെ സീതത്തോട്ടിലേക്കും സംസ്ഥാന പ്രസിഡന്റ് എംജി സുരേഷ് കുമാറിനെ വൈദ്യുതി ഭവനില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്കും മാറ്റി.

