കുന്നംകുളത്ത് തമിഴ്‌നാട് സ്വദേശി മരിച്ചത് കെ സ്വിഫ്റ്റ് ഇടിച്ചല്ല; മരണത്തിനിടയാക്കിയ പിക്ക്അപ് വാൻ കണ്ടെത്തി

തൃശൂർ: കുന്നംകുളത്ത് തമിഴ്നാട് സ്വദേശി പരസ്വാമി മരിച്ചത് കെ സ്വിഫ്റ്റ് ഇടിച്ചല്ല. തമിഴ്‌നാട് സ്വദേശിയുടെ മരണത്തിനിടയാക്കിയ പിക്ക്അപ് വാൻ കണ്ടെത്തി. എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ KL48 1176 നമ്പർ വാനാണ് പരസ്വാമിയെ ഇടിച്ചതെന്നാണ് കണ്ടെത്തൽ. വാനിടിച്ച് താഴെ വീണ പരസ്വാമിയുടെ കാലിൽ കൂടി കെ സ്വിഫ്റ്റ് ബസ് കയറുകയായിരുന്നു.

പരസ്വാമിയെ ആദ്യം ഇടിച്ചത് പിക്ക് അപ്പ് വാനാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാൻ കണ്ടെത്തിയത്. കെ സ്വിഫ്റ്റ് ബസിടിച്ചാണ് തമിഴ്‌നാട് സ്വദേശി മരിച്ചതെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. തൃശ്ശൂർ കുന്നംകുളത്ത് വച്ച് പുലർച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.

കെ സ്വിഫ്റ്റ് ബസ് തൃശൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നേരത്തെ കെ സ്വിഫ്റ്റിന്റെ രണ്ടു സർവ്വീസുകൾ അപകടത്തിൽപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത കെ – സ്വിഫ്റ്റിന്റെ ആദ്യ സർവീസ് കല്ലമ്പലത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോകുകയായിരുന്നു. ഈ ഗ്ലാസിന് 35000 രൂപ വിലയുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇളകി പോയ മിററിന് പകരം കെഎസ്ആർടിസിയുടെ മിറർ സ്ഥാപിച്ചാണ് കെ സ്വിഫ്റ്റ് സർവീസ് തുടർന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കെഎസ് ആർടിസി എംഡി സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നൽകി. അപകടത്തിന് പിന്നിൽ സ്വകാര്യ ലോബിയാണെന്നാണ് കെഎസ്ആർടിസി ആരോപിച്ചിരുന്നത്.