മലപ്പുറം: ആരോപണങ്ങള്‍ക്ക് പ്രവൃത്തിയിലൂടെ മറുപടി നല്കി മുന്‍ മന്ത്രിയും നിലവിലെ തവനൂര്‍ എംഎല്‍എയുമായ കെ.ടി ജലീല്‍. വിശുദ്ധ ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്ന ജലീലിന്റെ രണ്ട് മകന്റെയും, മകളുടെയും നിക്കാഹ് നടത്തുന്നത് ഒരു തരി സ്വര്‍ണം ധരിക്കാതെയാണ്. മതാചാരമുള്ള മഹറായി ഖുര്‍ആന്‍ സമ്മാനിച്ച് ലളിതമായാണ് നടക്കുക. മൂത്ത മകളുടെ വിവാഹവും സമാന രീതിയിലാണ് നേരത്തെ നടന്നത്.
മക്കള്‍ വില്പന ചരക്കുകളല്ലെന്നും നമ്മുടെ കരളിന്റെ കഷ്ണങ്ങളാണെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സ്വര്‍ണക്കടത്ത് വിവാദത്തെ തുടര്‍ന്ന് ഇ.ഡി, കസ്റ്റംസ്, എന്‍ഐഎ തുടങ്ങിയ ഏജന്‍സികള്‍ തനിക്ക് നേരെ പത്മവ്യൂഹം തീര്‍ത്തെന്നും, ഒരു നയാ പൈസ പോലും പിഴ ചുമത്താനോ കണ്ടുകെട്ടാനോ സാധിച്ചില്ലെന്നും ജലീല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ അഭിമാനം തോന്നിയ നാളുകളായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസമാണ് പരിശുദ്ധ റംസാന്. നോമ്പിന്റെ ആദ്യ പത്തില്‍ തന്നെ രണ്ട് വര്‍ഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവര്‍ക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നമേവ കരുതിയില്ല. ‘നിങ്ങളുടെ നാവിനെ നിങ്ങള്‍ സൂക്ഷിക്കുക’ എന്ന പ്രവാചക വചനം എത്ര അന്വര്‍ഥമാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

