തിരുവനന്തപുരം: വൈദ്യുതി ബോർഡിന്റെ അണക്കെട്ടുകളെ ബന്ധിപ്പിച്ച് ഫ്ലോട്ട് പ്ലെയിൻ, ഹെലികോപ്റ്റർ സർവീസുകൾ ആരംഭിക്കാനൊരുങ്ങി വൈദ്യുതി ബോർഡ്. ഇതിനുള്ള നടപടിക്രമങ്ങൾ കെഎസ്ഇബി ആരംഭിച്ചു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ നിന്നും കെഎസ്ഇബി ഇതിനായി താത്പര്യപത്രം ക്ഷണിച്ചു.
ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാമിൽ നിന്നും വയനാട് ജില്ലയിലെ ബാണാസുരസാഗർ ഡാമിലേക്ക് ഫ്ലോട്ട് പ്ലെയിൻ സർവീസ് ആരംഭിക്കാനാണ് പദ്ധതി. ജലസംഭരണികളെ ബന്ധിപ്പിച്ചു കൊണ്ടായിരിക്കും വൈദ്യുതി ബോർഡ് ഫ്ലോട്ട് പ്ലെയിൻ സർവീസ് നടത്തുന്നത്. മാട്ടുപ്പെട്ടി അണക്കെട്ടിൽ നിന്ന് കൊച്ചി വഴി ബാണാസുരയിലേക്കും തിരിച്ചും സർവീസ് നടത്താനാണ് ലക്ഷ്യം.
അതേസമയം മാട്ടുപ്പെട്ടി ജലസംഭരണിയിൽ നിന്നും പറന്നുയർന്ന് മൂന്നാർ നഗരത്തിനു മുകളിൽ ചുറ്റിയടിച്ച ശേഷം പറന്നിറങ്ങുന്ന ജോയ് റൈഡ് എന്ന ആശയം നടപ്പാക്കാനും പദ്ധതിയിടുന്നുണ്ട്. താൽപര്യപത്രം സമർപ്പിക്കുന്ന കമ്പനികൾക്ക് കൂടുതൽ റൂട്ടുകൾ നിർദ്ദേശിക്കാനുള്ള അവസരവും വൈദ്യുതി ബോർഡ് നൽകുന്നുണ്ട്.

