‘ചൊറിയന്‍ മാക്രി പറ്റങ്ങളാണവര്‍, എന്തു പറയാനാണ്?’: സുരേഷ് ഗോപി

തൃശൂര്‍: വിഷുക്കൈനീട്ടം നല്‍കിയ പരിപാടി വിവാദമാക്കിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുരേഷ് ഗോപി എംപി രംഗത്ത്.

സുരേഷ് ഗോപിയുടെ വാക്കുകള്‍

‘അതിനു പിന്നിലെ നന്മ മനസ്സിലാക്കാന്‍ പറ്റാത്ത ചൊറിയന്‍ മാക്രി പറ്റങ്ങളോട് എന്തു പറയാനാണ്? ആ കുരുന്നുകളുടെ കയ്യിലേക്ക് ഒരു രൂപയാണ് വച്ചുകൊടുക്കുന്നത്. 18 വര്‍ഷത്തിന് ശേഷം വോട്ട് പിടിക്കാനുള്ള കപ്പമല്ല കൊടുത്തിരിക്കുന്നത്. വിഷുവെന്ന് പറയുന്നത് ഹിന്ദുവിന്റേതല്ല, ദക്ഷിണേന്ത്യക്കാരുടെ മുഴുവന്‍ ഒരു ആചാരമാണ്. ഒരു രാജ്യത്തിന്റെ സമ്പന്നതയിലേക്കാണ് ഓരോ കുരുന്നും സംഭാവന ചെയ്യുന്നത്. ചില വക്രബുദ്ധികളുടെ നീക്കം അതിനു നേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. അവര്‍ക്ക് അസഹിഷ്ണുതയുണ്ടായി. ഞാനത് ഉദ്ദേശിച്ചിരുന്നില്ല. ഒരു രൂപയുടെ നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണുള്ളത്. നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല. ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിച്ചുകൊണ്ട് കൈവെള്ളയില്‍ വച്ചുകൊടുക്കുന്നത്, ഈ കുഞ്ഞ് പ്രാപ്തി നേടി നിര്‍വഹണത്തിനിറങ്ങുമ്പോള്‍ കയ്യില്‍ ഒരു കോടി വന്നു ചേരുന്ന അനുഗ്രഹ വര്‍ഷമാവണേ ഈ മുഹൂര്‍ത്തത്തില്‍ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ്. ചൊറിയന്‍ മാക്രി പറ്റങ്ങളാണവര്‍. ധൈര്യമുണ്ടെങ്കില്‍ പ്രതികരിക്കട്ടെ. ഞാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഹീനമായ ചിന്തയുണ്ടെങ്കില്‍ മാത്രമേ ഇതു ചെയ്യാന്‍ സാധിക്കൂ. ഓരോ കുഞ്ഞും ഓരോ കുടുംബത്തിലേക്കു ജനിച്ചു വീഴുന്നത് അവരുടെ കുടുംബ സ്വത്തായിട്ടായിരിക്കാം. പക്ഷേ, അത് രാജ്യത്തിനുള്ള സംഭാവനയാണ്. ആ കുഞ്ഞിന്റെ ഡിഎന്‍എയില്‍ നവോത്ഥാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അത് മുന്‍പു പറഞ്ഞ വക്രബുദ്ധികള്‍ സൃഷ്ടിക്കുന്ന നവോത്ഥാനമല്ല. ആ ഡിഎന്‍എ ഈ രാജ്യത്തിനും ലോകത്തിനും സമ്പന്നത മാത്രം സമ്മാനിക്കണം. അതിനാണ് ഓരോ കുഞ്ഞും പിറക്കുന്നത്.’

സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രത്തില്‍ മേല്‍ശാന്തിക്ക് വിഷുക്കൈനീട്ടം നല്‍കാനായി അദ്ദേഹം പണം നല്‍കിയതോടെ സംഭവം വിവാദമാവുകയും, ഇതിനെതിരെ തൃശൂര്‍ ജില്ലയിലെ സിപിഎം, സിപിഐ നേതാക്കള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.