കൊച്ചി: മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സണ്‍ കണ്ട്രോള്‍ ഫിലിം കാറിന്റെ ഗ്ലാസുകളില്‍ ഒട്ടിക്കാന്‍ അനുമതി നല്‍കുന്ന നിയമഭേദഗതി വന്നിട്ടും വാഹന ഉടമകളില്‍ നിന്നും പിഴ ഈടാക്കുന്നത് തുടരുകയാണെന്ന് റിപ്പോര്‍ട്ട്. 2021 ഏപ്രില്‍ ഒന്നിനാണ് ഇത് സംബന്ധിച്ച് നിയമം പ്രാബല്യത്തില്‍ വന്നത്. അതുപ്രകാരം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന, നിശ്ചിത അളവില്‍ സുതാര്യതയുള്ള പ്ലാസ്റ്റിക് ഫിലിം വാഹനങ്ങളുടെ ഗ്ലാസുകളിലും ഒട്ടിക്കാമെന്ന് വ്യക്തമാക്കുന്ന ഭേദഗതി കേന്ദ്ര മോട്ടര്‍വാഹന നിയമത്തില്‍ കൊണ്ടുവന്നിരുന്നു.
കറുത്ത ഫിലിം ഒട്ടിക്കുന്ന വാഹനങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്നു ചൂണ്ടിക്കാണിച്ച് അവിഷേക് ഗോയങ്ക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് 2012ല്‍ സുപ്രീംകോടതി ഫിലിം ഒട്ടിക്കരുതെന്ന് കാണിച്ച് ഉത്തരവിട്ടത്. വാഹനങ്ങളുടെ മുന്നിലും പിന്നിലും ഉള്ള ചില്ലുകളില്‍ 70 ശതമാനവും വശങ്ങളിലെ ഗ്ലാസുകളില്‍ 50 ശതമാനം എന്നിങ്ങനെ വെളിച്ചം കടന്നു പോകുന്ന തരത്തില്‍ ആകണമെന്നാണ് കേന്ദ്ര മോട്ടോര്‍ വാഹന നിയമ വ്യവസ്ഥ പ്രകാരമായിരുന്നു ഉത്തരവ്. വാഹന നിര്‍മാതാക്കള്‍ ഇതു പ്രകാരമാണ് ഗ്ലാസുകള്‍ നിര്‍മ്മിക്കേണ്ടത്. സുതാര്യത കുറയ്ക്കുന്നത് നിയമ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, മോട്ടര്‍ വാഹന നിയമത്തിലെ ചട്ടം 100 ല്‍ സേഫ്റ്റി ഗ്ലാസ് എന്നതിന് പകരം കേന്ദ്ര സര്‍ക്കാര്‍ സേഫ്റ്റി ഗ്ലാസും സേഫ്റ്റി ഗ്ലെയ്‌സിങ്ങും എന്നു മാറ്റുകയും ചെയ്തിട്ടുണ്ട്. 2020 ജൂലൈയിലാണ് ഈ ഭേദഗതി വിജ്ഞാപനം ചെയ്തത്. പുതിയ മാനദണ്ഡം അനുസരിച്ച് ഗ്ലാസുകളില്‍ തിളക്കമുള്ള ഫിലിം ഒട്ടിച്ചാലും മുന്‍പിലും പിന്നിലുമുള്ള ഗ്ലാസുകളിലൂടെ കുറഞ്ഞത് 70 ശതമാനവും വശങ്ങളിലെ ഗ്ലാസിലൂടെ കുറഞ്ഞത് 50 ശതമാനവും പ്രകാശം കടന്നുപോകണം. ഇതോടെ, ഈ മാനദണ്ഡം പാലിക്കുന്ന ‘ഗ്ലെയ്‌സിങ് പ്ലാസ്റ്റിക്‌സ്’ ഒട്ടിക്കുന്നത് പുതിയ വ്യവസ്ഥ പ്രകാരം നിയമവിരുദ്ധമല്ല.

