വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാനാകില്ല; ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഹാജരാകണമെന്ന് കാവ്യക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്‌

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യാ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. വീട്ടില്‍ വച്ച് ചോദ്യം ചെയ്യാനാകില്ലെന്നും ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി.

വീടിന് പകരം സൗകര്യപ്രദമായ മറ്റൊരു സ്ഥലം പറയാനും കാവ്യയോട് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. താമസസ്ഥലമോ സൗകര്യപ്രദമായ മറ്റേതെങ്കിലും സ്ഥലത്തോ ചോദ്യം ചെയ്യാമെന്നാണ് ചട്ടം, സ്റ്റേഷനില്‍ വിളിപ്പിക്കരുത് എന്ന് മാത്രമേയുള്ളൂ എന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. എന്നാല്‍, കാവ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, പ്രൊജക്ടര്‍ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചും സംഭാഷണങ്ങള്‍ കേള്‍പ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യാനുള്ളത്. പദ്മ സരോവരം വീട് ഇതിന് അനുയോജ്യമായ ഇടമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കാവ്യയുടെ കൊച്ചി വെണ്ണലയിലെ ഫ്‌ളാറ്റില്‍ വച്ച് ചോദ്യം ചെയ്യുന്നത് കുടുംബം പരിഗണിക്കുകയാണ്.