കോഴിക്കോട്: ലൗ ജിഹാദ് പ്രസ്താവന മാറ്റി പറഞ്ഞ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോര്‍ജ് എം തോമസ്. കേരളത്തില്‍ ലൗ ജിഹാദ് ഇല്ല എന്നതാണ് വാസ്തവമെന്നും, ലൗ ജിഹാദ് ഉണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ് എന്നായിരുന്നു ജോര്‍ജ് എം തോമസ് ഇന്നലെ പറഞ്ഞത്. എന്നാല്‍, തെറ്റിദ്ധരിക്കാവുന്ന വിധത്തില്‍ പ്രതികരിച്ചത് ഒഴിവാക്കാമായിരുന്നുവെന്ന് ജോര്‍ജ് എം തോമസ് കൂട്ടിച്ചേര്‍ത്തു.
ജോര്‍ജ് എം. തോമസ് ഇന്നലെ പറഞ്ഞത്
‘സാധാരണ പ്രണയ വിവാഹം മാത്രമാണിത്. എന്നാല്‍, കന്യാസ്ത്രീകള്‍ അടക്കം പങ്കെടുത്ത് മുന്നൂറിലേറെ പേര്‍ പങ്കെടുത്ത പ്രതിഷേധം കോടഞ്ചേരി അങ്ങാടിയില്‍ നടന്നു. ഡിവൈഎഫ്‌ഐക്കാരന്‍ നേതാവ് ധൈര്യമുണ്ടെങ്കില്‍ പുറത്തുവാടാ എന്നൊക്കെയുള്ള മുദ്രാവാക്യമാണ് വിളിച്ചത്.
വിവാഹത്തിന് സിപിഐഎം മുന്‍കൈയെടുത്തു, പാര്‍ട്ടി അറിഞ്ഞാണ് വിവാഹം എന്നൊക്കെയാണ് പ്രചാരണം. ഷെജിന്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗമായതിനാല്‍ ഇത് പാര്‍ട്ടിയെ ആളുകള്‍ സംശയത്തോടെയാണ് നോക്കുക. ക്രിസ്ത്യന്‍ വിഭാഗം നല്ല നിലയില്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും അംഗീകരിക്കുന്നു. ബിഷപ്പടക്കമുള്ളവര്‍ നിലപാടെടുത്ത് മുന്നോട്ട് വരുന്നു. ഈ ഘട്ടത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തെ ഞങ്ങള്‍ക്കെതിരാക്കേണ്ടത് യുഡിഎഫിന്റെയും വിശേഷിച്ച് കോണ്‍ഗ്രസിന്റെയും ആവശ്യമാണ്. ഇവരാണ് അജണ്ടയ്ക്ക് പിന്നിലുള്ളത്. ജനത്തെ ബോധവത്കരിക്കേണ്ടത് സിപിഎമ്മിന്റെ അടിയന്തിര കടമയായതിനാലാണ് വിശദീകരണ യോഗം വെക്കാന്‍ തീരുമാനിച്ചത്. ലൗ ജിഹാദാണ് ഇതെന്നാണ് പ്രചാരണം. ലൗ ജിഹാദും പ്രണയ വിവാഹവും വേറെയാണ്. ഇതിനോട് രണ്ടിനോടുമുള്ള സിപിഎം നിലപാട് എന്താണ്, ഈ വിവാദത്തിന്റെ ആവശ്യം എന്താണ് എന്ന് വിശദീകരിക്കാനുള്ള യോഗമാണ് വിളിച്ചു ചേര്‍ത്തത്.
രണ്ട് സമുദായങ്ങളില്‍ തമ്മില്‍ കലാപമോ ശത്രുതയോ ഉണ്ടാക്കാന്‍ വഴിവെക്കാവുന്ന നടപടിയാണ് ഷെജിന്റേത്. അങ്ങിനെയൊരു പ്രണയ ബന്ധമുണ്ടെങ്കില്‍ പാര്‍ട്ടിയോട് ആലോചിച്ച് പാര്‍ട്ടി നേതാക്കളുമായി സംസാരിച്ച് വേണമായിരുന്നു മുന്നോട്ട് പോകാന്‍. ആരോടും ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി ഘടകത്തില്‍ പോലും ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ട്ടിക്ക് വലിയ ഡാമേജ് ഉണ്ടായി. അങ്ങിനെ ഡാമേജ് ഉണ്ടാക്കിയ ആളെ താലോലിക്കാന്‍ കഴിയില്ല. നടപടി ആലോചിച്ചിട്ടില്ല. പക്ഷെ നടപടി വേണ്ടിവരും. മതസൗഹാര്‍ദ്ദം തകരാന്‍ സിപിഎം ആഗ്രഹിക്കുന്നില്ല. ആത്മാര്‍ത്ഥമായ പ്രണയമാണോയെന്ന് മനസിലാക്കേണ്ടതുണ്ട്. ആ കുട്ടി 15 ദിവസം മുന്‍പ് വരെ ഗള്‍ഫില്‍ ജോലിയായിരുന്നു. ഇത്ര പെട്ടെന്നൊരു ഡീപ്പായ പ്രണയം രൂപപ്പെടുമോയെന്ന് എനക്കറിഞ്ഞുകൂട. ഞങ്ങളുടെ ഡോക്യുമെന്റ്‌സില്‍ പറഞ്ഞത് Educated women in the proffessional colleges and Institutions are being attacked by these things. Love jihad or whatsoever. (പ്രൊഫഷണല്‍ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഭ്യസ്ഥ വിദ്യരായ യുവതികള്‍ ലൗ ജിഹാദ് പോലുള്ള കാര്യങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നു.).
അങ്ങിനെയൊന്നുണ്ടെന്ന് പാര്‍ട്ടി ജേണലുകളിലും റെസൊല്യൂഷനുകളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. ലൗ ജിഹാദ് നടക്കുന്നുണ്ട്, അപൂര്‍വമായിട്ട്. ഡിസ്‌പ്രൊപോര്‍ഷനായിട്ട് വിശദീകരിക്കേണ്ടതില്ല. പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ എന്താ പറയാ, ലൗ ജിഹാദ് എന്നോ മറ്റോ പേര് പറഞ്ഞ് മത രഹിത വിവാഹത്തിലേക്കും ഇതര മത വിവാഹങ്ങളിലേക്കും പ്രേരിപ്പിക്കുന്നുണ്ട്. ലൗ ജിഹാദ് എന്ന പേര് ആര്‍എസ്എസ് ഉണ്ടാക്കിയതാണ്. അതില്‍ തര്‍ക്കമില്ല. എന്നാല്‍ അത് കണ്ണടച്ച് എതിര്‍ക്കുക അല്ലെങ്കില്‍ അങ്ങനെയൊരു പ്രതിഭാസമേ ഇല്ലെന്ന് പറയാന്‍ കഴിയാത്ത അനുഭവങ്ങള്‍ കേരളത്തില്‍ അറ്റയും തെറ്റയുമായിട്ടുണ്ട്. തിരുവമ്പാടി ഭാഗത്ത് ഇല്ല. സിപിഎം രേഖകളില്‍ പറയുന്നത് പ്രൊഫഷണല്‍ കോളേജുകളിലെ ഉന്നത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികളെ ഇതിന് വേണ്ടി പ്രേരിപ്പിച്ച് തട്ടിക്കൊണ്ടുപോയി ഐസിസോ അതിനെല്ലാം ട്രെയിനിങ് കൊടുക്കുന്ന അനുഭവങ്ങളെല്ലാം നമ്മുടെ കേരളത്തിലെല്ലാം പത്രത്തില്‍ വന്നതാണല്ലോ. അങ്ങിനെയൊരു വസ്തുതയുണ്ട്, അതിനെ കരുതണം. അങ്ങിനെയുള്ള പ്രശ്‌നങ്ങളില്‍ ആളുകള്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധ വേണം, ജാഗ്രത പുലര്‍ത്തണമെന്ന് സിപിഎം ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള കാര്യമാണ്.
സിപിഎം ഇക്കാര്യം പരസ്യമായി പറഞ്ഞോ ഇല്ലേയെന്നത് എനിക്കറിയില്ല. പക്ഷെ ഇങ്ങിനെയൊരു വസ്തുതയുണ്ട്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐ പോലുള്ള സംഘനകളും ക്യാംപസ് ഫ്രണ്ട് പോലുള്ള സംഘനകളുമെല്ലാം ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് പത്രങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് നാളെ വിശദീകരിക്കണോയെന്ന് തീരുമാനിച്ചിട്ടില്ല. കോടഞ്ചേരിയിലെ വിഷയത്തില്‍ ഊന്നിയാണ് നാളത്തെ പരിപാടി.’

