കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബോറിസ് ജോണ്‍സണ്‍; പിഴ ഈടാക്കി യുകെ പോലീസ്‌

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണില്‍ നിന്ന് പിഴ ഈടാക്കി യുകെ പോലീസ്. പ്രതിരോധ നിയമങ്ങള്‍ പാലിക്കാതെ പിറന്നാള്‍ ആഘോഷം നടത്തിയതിനാണ് പ്രധാനമന്ത്രിക്കെതിരെ പിഴ ചുമത്തിയത്. ബ്രിട്ടീഷ് ധനകാര്യമന്ത്രി റിഷി സുനയില്‍ നിന്നും പിറന്നാള്‍ പാര്‍ട്ടിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പങ്കെടുത്തതിന് പോലീസ് പിഴ ഈടാക്കിയിട്ടുണ്ട്.

അതേസമയം, താന്‍ ചെയ്ത തെറ്റ് ബോധ്യപ്പെട്ടെന്നും പോലീസ് കൃത്യമായി തന്നെ അവരുടെ കര്‍ത്തവ്യം നിര്‍വഹിച്ചെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. പിഴ അടച്ചതായി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ‘കൊവിഡ് പ്രതിരോധത്തിനായി നിയമ നിര്‍മാണം നടത്തിയ പ്രധാനമന്ത്രിയും മന്ത്രിമാരും തന്നെ മാനദണ്ഡങ്ങള്‍ പാലിക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് സ്വാഭാവികമായുണ്ടാകുന്ന അമര്‍ഷം മനസിലാക്കുന്നുവെന്നും, തങ്ങള്‍ ചെയ്ത തെറ്റിന് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2020 ജൂണ്‍ 19ന് ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന ഒരു പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് യുകെ മെട്രോപൊളിറ്റന്‍ പോലീസ് ബോറിസ് ജോണ്‍സണ് പെനാല്‍റ്റി നോട്ടീസ് നല്‍കിയത്.