തിരുവനന്തപുരം: മുൻ എംഎൽഎയും മുസ്ലിംലീഗ് നേതാവുമായ കെ എം ഷാജിക്കെതിരെ പരിഹാസവുമായി മുൻമന്ത്രി കെ ടി ജലീൽ. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ സ്വത്തുകൾ ഇ.ഡി കണ്ടുകെട്ടിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിങ്ങളുടെ നാവിനെ നിങ്ങൾ സൂക്ഷിക്കുക എന്ന പ്രവാചക വചനം എത്ര അന്വർത്ഥമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു കെ ടി ജലീലിന്റെ പരാമർശം.
വിശുദ്ധ ഖുർആന്റെ മറവിൽ ഈയുള്ളവൻ സ്വർണ്ണം കള്ളക്കടത്തു നടത്തി എന്നും ഖുർആനല്ല കിട്ടിയ സ്വർണ്ണമാണ് തിരിച്ച് കൊടുക്കേണ്ടതെന്നും നിയമസഭയിൽ യാതൊരു അടിസ്ഥാനവുമില്ലാതെ എന്റെ പഴയ സുഹൃത്ത് പ്രസംഗിച്ചത് കേട്ടപ്പോൾ വല്ലാതെ മനസ്സ് വേദനിച്ചിരുന്നു. സ്വർണ്ണക്കടത്ത് വിവാദത്തെ തുടർന്ന് ഇ.ഡി, കസ്റ്റംസ്, എൻ.ഐ.എ എന്നീ മൂന്ന് അന്വേഷണ ഏജൻസികളാണ് എനിക്ക് ചുറ്റും പത്മവ്യൂഹം തീർത്തത്. ഒരു നയാപൈസ പിഴ ചുമത്താനോ ഒരു രൂപ എന്നിൽ നിന്ന് കണ്ടുകെട്ടാനോ അവർക്ക് സാധിച്ചില്ല. ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ ഏറെ അഭിമാനിച്ച നാളുകളായിരുന്നു അതെന്ന് അദ്ദേഹം വ്യക്തമാക്കി.
വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് പരിശുദ്ധ റംസാൻ. നോമ്പിന്റെ ആദ്യ പത്തിൽ തന്നെ രണ്ട് വർഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവർക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നമേവ കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
വിശുദ്ധ ഖുർആന്റെ മറവിൽ ഈയുള്ളവൻ സ്വർണ്ണം കള്ളക്കടത്തു നടത്തി എന്നും ഖുർആനല്ല കിട്ടിയ സ്വർണ്ണമാണ് തിരിച്ച് കൊടുക്കേണ്ടതെന്നും നിയമസഭയിൽ യാതൊരു അടിസ്ഥാനവുമില്ലാതെ എന്റെ പഴയ സുഹൃത്ത് പ്രസംഗിച്ചത് കേട്ടപ്പോൾ വല്ലാതെ മനസ്സ് വേദനിച്ചിരുന്നു.
സ്വർണ്ണക്കടത്ത് വിവാദത്തെ തുടർന്ന് ഇ.ഡി, കസ്റ്റംസ്, എൻ.ഐ.എ എന്നീ മൂന്ന് അന്വേഷണ ഏജൻസികളാണ് എനിക്ക് ചുറ്റും പത്മവ്യൂഹം തീർത്തത്. ഒരു നയാപൈസ പിഴ ചുമത്താനോ ഒരു രൂപ എന്നിൽ നിന്ന് കണ്ടുകെട്ടാനോ അവർക്ക് സാധിച്ചില്ല. ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ ഏറെ അഭിമാനിച്ച നാളുകളായിരുന്നു അത്.
വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് പരിശുദ്ധ റംസാൻ. നോമ്പിന്റെ ആദ്യ പത്തിൽ തന്നെ രണ്ട് വർഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവർക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നമേവ കരുതിയില്ല. ‘നിങ്ങളുടെ നാവിനെ നിങ്ങൾ സൂക്ഷിക്കുക’ എന്ന പ്രവാചക വചനം എത്ര അന്വർത്ഥമാണ്.

