നാസിക്കില്‍ കണ്ടെയിനറില്‍ കൊണ്ടുപോയ 20 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തി നശിച്ചു

മുംബൈ: ജിതേന്ദ്ര ഇ വി എന്ന കമ്പനിയുടെ നാസിക്കിലെ ഫാക്ടറിയില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് കണ്ടെയിനറില്‍ കൊണ്ടുപോവുകയായിരുന്ന 20 വൈദ്യുത സ്‌കൂട്ടറുകള്‍ തീ പിടിത്തത്തില്‍ നശിച്ചു. ഈ മാസം ഒമ്പതിനാണ് സംഭവം നടന്നത്.

കണ്ടെയ്‌നറില്‍ നിന്നും വലിയ തോതില്‍ പുക വന്നതോടെ വാഹനം നിര്‍ത്തി പരിശോധിക്കുകയായിരുന്നു. മുകള്‍ഭാഗത്ത് സൂക്ഷിച്ചിരുന്ന 20 സ്‌കൂട്ടറുകള്‍ക്കാണ് തീ പിടിച്ചത്. ആകെ 40 സ്‌കൂട്ടറുകളാണുണ്ടായിരുന്നത്. അപകടത്തില്‍ വാഹനങ്ങള്‍ പൂര്‍ണമായും നശിച്ചു. ആര്‍ക്കും പരിക്കില്ല. അഗ്‌നിസുരക്ഷാസേനയെത്തിയാണ് തീ അണച്ചത്.

അതേസമയം, തീ പിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇലക്ട്രിക് സ്‌കൂട്ടറിന് തീ പിടിക്കുന്ന സാഹചര്യം ഏറി വരുന്നതിനാല്‍ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു.