ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ജ്യോതിലാല്‍ വീണ്ടും; ശിവശങ്കറിന് കൂടുതല്‍ ചുമതല

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ പെട്ട മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എം. ശിവശങ്കറിന് കായിക- യുവജനക്ഷേമ വകുപ്പിന് പുറമെ മൃഗസംരക്ഷ വകുപ്പിന്റെയും ക്ഷീരവികസന വകുപ്പിന്റെയും ചുമതല കൂടി നല്‍കി.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയി ടിങ്കു ബിസ്വാളിനെ നിയമിച്ചു. ബിശ്വനാഥ് സിന്ഹക്ക് ഐടി വകുപ്പിന് പുറമെ ആസൂത്രണ ബോര്‍ഡിന്റെ ചുമതല കൂടി കിട്ടി. ടിവി അനുപമ അധികമായി വഹിച്ചിരുന്ന വനിതാ ശിശുക്ഷേമ ഡയറക്ടര്‍ തസ്തികയിലേക്ക് അവധി കഴിഞ്ഞ് തിരിച്ചെത്തിയ ജി. പ്രിയങ്കയെ നിയമിച്ചു.

അതേസമയം, 54 ദിവസത്തെ ഇടവേളക്ക് ശേഷം കെ.ആര്‍ ജ്യോതിലാല്‍ വീണ്ടും പൊതുഭരണവകുപ്പിന്റെ തലപ്പെത്തെത്തി. ഗവര്‍ണ്ണറുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ ഹരി എസ് കര്‍ത്തായുടെ നിയമനം കടുത്ത വിയോജിപ്പുകളോടെ അംഗീകരിച്ച് ജ്യോതിലാല്‍ രാജ്ഭവന് കത്ത് നല്‍കിയത് വിവാദമായിരുന്നു. തുടര്‍ന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിക്കുകയും ജ്യോതിലാലിനെ മാറ്റി സര്‍ക്കാര്‍ അനുനയത്തിലെത്തുകയായിരുന്നു. ഗവര്‍ണറുടെ അതൃപ്തി ഒഴിവാക്കാന്‍ ഗവര്‍ണ്ണറെ മുന്‍കൂട്ടി രാജ്ഭവനെ അറിയിച്ച ശേഷമാണ് ജ്യോതിലാലിനെ വീണ്ടും പഴയ കസേരയിലേക്ക് സര്‍ക്കാര്‍ പുനര്‍നിയമിച്ചത്.