കൊച്ചി: നടി കാവ്യ മാധവന്റെ ആവശ്യം തള്ളി ക്രൈംബ്രാഞ്ച്. ആലുവയിലെ പദ്മസരോവരം വീട്ടിൽവെച്ച് ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. എന്നാൽ സാക്ഷി എന്ന നിലയിവാണ് തന്നെ വിളിപ്പിച്ചിരിക്കുന്നതെന്നും മറ്റൊരു സ്ഥലത്ത് എത്താൻ കഴിയില്ലെന്നുമാണ് കാവ്യ വ്യക്തമാക്കുന്നത്.
ചോദ്യം ചെയ്യലിനായി ഹാജരാകുന്നതിൽ അസൗകര്യം അറിയിച്ച് നടി കാവ്യാ മാധവൻ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടി നൽകിയിരുന്നു. ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ആലുവയിലെ വീട്ടിൽ ചോദ്യം ചെയ്യാമെന്നായിരുന്നു കാവ്യ നോട്ടീസിൽ വ്യക്തമാക്കിയിരുന്നത്.
ചോദ്യംചെയ്യലിന് ഹാജരാകേണ്ട സ്ഥലം തീരുമാനിക്കാമെന്ന് ക്രൈംബ്രാഞ്ച് കാവ്യയെ അറിയിച്ചിരുന്നു. സാക്ഷിയായ സ്ത്രീക്ക് നൽകിയ ആനുകൂല്യമാണിതെന്നായിരുന്നു ക്രൈംബ്രാഞ്ച് അറിയിച്ചത്. കാവ്യയെയും സംവിധായകൻ ബാലചന്ദ്രകുമാറിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘം തീരുമാനിച്ചിരുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്.
ദിലിപിന്റെ ബന്ധു സുരജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖയടക്കം മൂന്ന് ശബ്ദരേഖകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. കേസിൽ കാവ്യാ മാധവന് പങ്കുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കാവ്യ മാധവൻ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയിൽ പറയുന്നുണ്ട്. ഇത് ദിലീപ് ഏറ്റെടുത്തതാണെന്ന് സുരാജ് പറയുന്നത് ശബ്ദ രേഖയിൽ നിന്നും വ്യക്തമാണ്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മൂന്ന് ശബ്ദരേഖയാണ് അന്വേഷണസംഘം ഹൈക്കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. സുരാജും ശരതും തമ്മിലുള്ള സംഭാഷണമാണ് ഒന്നാമത്തേത്. അഭിഭാഷകനായ സുരേഷ് മേനോൻ ദിലീപുമായി നടത്തിയ സംഭാഷണമാണ് രണ്ടാമതായുള്ളത്. ഡോക്ടർ ഹൈദരാലിയും സുരാജും തമ്മിൽ നടത്തിയ സംഭാഷണമാണ് മൂന്നാമത്തേത്.
മൂന്ന് മാസമായി നടന്നു കൊണ്ടിരിക്കുന്ന തുടരന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകൾ പ്രകാരം കേസിൽ കാവ്യയ്ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അതിനാൽ തന്നെ ചോദ്യം ചെയ്യലിൽ കാവ്യയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വളരെ നിർണായകമാണ്. അതേസമയം, നടി ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് കാവ്യ തൃശൂരിലേക്ക് പോയപ്പോൾ ഡ്രൈവറായി ഒപ്പമുണ്ടായിരുന്നത് പൾസർ സുനിയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഈ കാര്യങ്ങളിൽ ഉൾപ്പെടെ കാവ്യ ചോദ്യം ചെയ്യലിൽ മറുപടി നൽകേണ്ടി വരുമെന്നാണ് വിവരം.

