പാക് പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു; വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ഇമ്രാൻ അനുകൂലികൾ

ഇസ്ലാമാബാദ്: പാകിസ്താന്റെ 23-ാം പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) അദ്ധ്യക്ഷനുമാണ് ഷഹബാസ് ഷരീഫ്. ഇമ്രാൻ ഖാൻ സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. 174 പേരുടെ പിന്തുണയാണ് ഷഹബാസിന് ലഭിച്ചത്. ദൈവം പാകിസ്താനിനെ രക്ഷിച്ചുവെന്ന് തിരഞ്ഞെടുപ്പിന് പിന്നാലെ ഷഹബാസ് പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുൻപ് തന്നെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പിടിഐ പാർട്ടി അംഗങ്ങളും രാജിവച്ചിരുന്നു. ഇമ്രാൻ അനുകൂലികൾ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുകയും ചെയ്തു. ദേശീയ അസംബ്ലിയിൽ നിന്നും രാജി വയ്ക്കുന്നതായി ഇമ്രാൻ ഖാൻ സമൂഹമാദ്ധ്യമത്തിലൂടെ പ്രഖ്യാപിച്ചിരുന്നു.

പാകിസ്ഥാന്റെ ചരിത്രത്തിൽ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ. മൂന്ന് വർഷവും ഏഴ് മാസവുമാണ് ഇമ്രാൻ ഖാൻ പാകിസ്താൻ പ്രധാനമന്ത്രിയായി ഇരുന്നത്. കാലാവധി തികയ്ക്കാത്ത പ്രധാനമന്ത്രിമാരുടെ പട്ടികയിലേക്കാണ് ഇമ്രാൻ ഖാൻ എത്തിയിട്ടുള്ളത്.