ഐപിഎല്‍: ഗുജറാത്തിനെ തകര്‍ത്ത് ഹൈദരാബാദ്‌

മുംബൈ: ഐ.പി.എല്ലില്‍ ഗുജറാത്ത് സൂപ്പര്‍ ടൈറ്റന്‍സിനെ വീഴ്ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഗുജറാത്ത് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം 5 ബോളും 8 വിക്കറ്റും ബാക്കിയാക്കി ഹൈദരാബാദ് മറികടന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ അര്‍ധസെഞ്ച്വറിയുടെ ബലത്തിലാണ് ഹൈദരാബാദ് അനായാസ ജയം നേടിയത്. 46 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത വില്യംസണ്‍ തന്നെയാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോറര്‍. ഹൈദരാബാദിനായി ക്രീസിലെത്തിയ എല്ലാ ബാറ്റര്‍മാരും ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. ഗുജറാത്തിനായി ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും റാഷിദ് ഖാനും ഒരു വിക്കറ്റ വീതം നേടി.

അതേസമയം, ഹര്‍ദിക് പാണ്ഡ്യയും അഭിനവ് മനോഹറും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഗുജറാത്ത് ടൈറ്റന്‍സിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നേടിയ ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്തിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത മാത്യു വേഡിനും ശുഭ്മാന്‍ ഗില്ലിനും കാര്യമായി ഒന്നും ചെയ്യാനായില്ല. ടീം സ്‌കോര്‍ 24ല്‍ നില്‍ക്കെ 7 റണ്‍സെടുത്ത ഗില്ലിനെ ഭുവനേശ്വര്‍ മടക്കി. പറക്കും ക്യാച്ചിലൂടെ ത്രിപാഠിയാണ് ഗില്ലിന് പുറത്തേക്കുള്ള വഴികാണിച്ചത്. എന്നാല് വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാനൊന്നും മാത്യു വേയ്ഡിനായില്ല. 19 പന്തില്‍ 19 റണ്‍സുമായി വേഡിനെ ഉംറാന്‍ മാലിക് എല്‍ബിഡബ്യൂയുവില്‍ കുടുക്കി. അതിനിടെ വണ്‍ഡൗണായി എത്തിയ സായ് സുന്ദറിനെ നടരാജന്‍ പുറത്താക്കിയിരുന്നു. ഡേവിഡ് മില്ലറിനും അല്‍പായുസെ ഉണ്ടായിരുന്നുള്ളൂ.

12 റണ്‍സെടുത്ത മില്ലറെ മാര്‍കോ ജാന്‍സെന്‍ അഭിഷേക് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. തുടര്‍ന്നാണ് ഹാര്‍ദിക് പാണ്ഡ്യയുടെയും അഭിനവിന്റെയും രക്ഷാപ്രവര്‍ത്തനം. 104ന് നാല് എന്ന നിലയില്‍ തുടങ്ങിയ കൂട്ടുകെട്ട് 154ല്‍ ആണ് തകര്‍ന്നത്. അഭിനവിന് ഭാഗ്യത്തിന്റെ അകമ്ബടി കൂടിയുണ്ടായിരുന്നു. അഭിനവ് നല്‍കിയ ക്യാച്ചുകള്‍ നിലത്തിടാന്‍ ഹൈദരാബാദ് ഫീല്‍ഡര്‍മാര്‍ മത്സരിച്ചു. 21 പന്തില്‍ നിന്ന് 35 റണ്‍സാണ് അഭിനവ് നേടിയത്. ആ ഇന്നിങ്‌സില്‍ ഒരു സിക്‌സറും അഞ്ച് ബൗണ്ടറികളും ഉള്‍പ്പെട്ടിരുന്നു. ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ അര്‍ദ്ധ സെഞ്ച്വറി തികച്ചു. 42 പന്തില്‍ നിന്ന് ഒരു സിക്‌സറും നാല് ബാണ്ടറികളും ഉള്‍പ്പെടെയായിരുന്നു ആ ഇന്നിങ്‌സ്. വമ്ബന്‍ അടികളൊന്നും പാണ്ഡ്യയില്‍ നിന്ന് കാണാനായില്ല. രാഹുല്‍ തിവാത്തിയ ഒരു ബൗണ്ടറിയടിച്ചെങ്കിലും അവസാന ഓവറുകളിലെ വെപ്രാളത്തില്‍ ആറ് റണ്‍സിന് വീണു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി ഭുവനേശ്വര്‍ കരുമാര്‍ നടരാജന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.