തിരുവല്ലത്തെ കര്‍ഷകന്റെ ആത്മഹത്യ വേദനിപ്പിക്കുന്നത്; കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കും: കൃഷി മന്ത്രി

തിരുവനന്തപുരം: തിരുവല്ലത്തെ കര്‍ഷകന്റെ ആത്മഹത്യ ഏറെ വേദനിപ്പിക്കുന്നതാണെന്നും, സംസ്ഥാനത്ത് കൃഷിനാശം ഉണ്ടായാല്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ആര്‍ക്കും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം സംസ്ഥാനത്തില്ല. ആത്മഹത്യയുടെ കാരണം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്- അദ്ദേഹം വ്യക്തമാക്കി.

കൃഷി നശിച്ച കര്‍ഷകര്‍ക്ക് കഴിയുന്നത്ര സഹായം നല്‍കും. ഇന്‍ഷുറന്‍സിന്റെ വ്യവസ്ഥ പുതുക്കും. കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും മന്ത്രി ഉറപ്പു നല്‍കി.

തിരുവല്ല നിരണം സ്വദേശി രാജീവിനെയാണ് (49) ഇന്ന് രാവിലെ നെല്‍പ്പാടത്തിന്റെ കരയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കൃഷി ആവശ്യത്തിന് രാജീവ് ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നു. കൃഷി നഷ്ടമായതിനെ തുടര്‍ന്ന് കടബാധ്യത ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നെല്‍കൃഷി നഷ്ടത്തിലായി. ഇത്തവണ വേനല്‍മഴയില്‍ എട്ട് ഏക്കര്‍ കൃഷി നശിക്കുകയും ചെയ്തു.