യുക്രൈൻ സന്ദർശിച്ച് ബോറിസ് ജോൺസൻ; വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച്ച നടത്തി

കീവ്: യുക്രൈൻ സന്ദർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. യുക്രൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ബോറിസ് ജോൺസന്റെ സന്ദർശനം. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി അദ്ദേഹം കൈവിൽ വെച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. യുക്രൈന് ബ്രിട്ടൺ നൽകുന്ന പിന്തുണയെ കുറിച്ച് ഇരുവരും തമ്മിൽ സംസാരിച്ചു. മുൻകൂട്ടി അറിയിക്കാതെയാണ് ബോറിസ് ജോൺസൺ യുക്രൈനിലെത്തിയത്.

പ്രസിഡന്റ് സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ ലണ്ടനിലെ യുക്രൈൻ എംബസി പുറത്തുവിട്ടിരുന്നു. റഷ്യ കിഴക്കൻ യുക്രൈൻ മേഖലകളിൽ സന്നാഹം വർദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ബോറിസ് ജോൺസന്റെ സന്ദർശനമെന്നതാണ് ശ്രദ്ധേയം. അതേസമയം, ബ്രിട്ടന്റെ 120 കവചിത വാഹനങ്ങളും ആന്റി-ഷിപ്പ് മിസൈലുകളും യുക്രൈയിന് നൽകുമെന്നും തീരുമാനിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

യുക്രൈന് ആവശ്യമായ സാമ്പത്തിക സഹായവും ബ്രിട്ടൺ വാഗ്ദാനം ചെയ്തിട്ടുണ്ട്. യുകെയുടെ മൊത്തം ലോൺ ഗ്യാരന്റി 770 മില്യൺ പൗണ്ടായി ഉയർത്തിയതായും ബോറിസ് ജോൺസൺ അറിയിച്ചു.