ഫോര്‍വേഡ് മെസേജുകള്‍ ഒന്നില്‍ കൂടുതല്‍ ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യുന്നതില്‍ നിയന്ത്രണങ്ങളുമായി വാട്‌സ്ആപ്പ്‌

ഫോര്‍വേഡ് ചെയ്ത മെസേജുകള്‍ ഗ്രൂപ്പ് ചാറ്റുകളിലേക്ക് വീണ്ടും ഫോര്‍വേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങി വാട്‌സ്ആപ്പ്. ഡബ്ല്യുഎ ബീറ്റ ഇന്‍ഫോ എന്ന വെബ്‌സൈറ്റാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാട്‌സ്ആപ്പിന്റെ പുതിയ ബീറ്റ പതിപ്പില്‍ ഈ പുതിയ നിയന്ത്രണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നു.

ഒരു സന്ദേശം ഇതിനകം ഫോര്‍വേഡ് ചെയ്തതായി അടയാളപ്പെടുത്തിയിരിക്കുമ്പോള്‍, അത് ഒന്നിലധികം ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യാന്‍ ഇനി സാധ്യമാവാത്ത തരത്തിലാവും ഈ ഫീച്ചര്‍. ഉപയോക്താക്കള്‍ അതിനായി ശ്രമിച്ചാല്‍, ‘ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങള്‍ക്ക് ഒരു ഗ്രൂപ്പ് ചാറ്റിലേക്ക് മാത്രമേ അയക്കാന്‍ കഴിയൂ’ എന്ന ഒരു ഓണ്‍-സ്‌ക്രീന്‍ സന്ദേശം ലഭിക്കും.ഒരു ഉപയോക്താവ് ഒന്നിലധികം ഗ്രൂപ്പുകളിലേക്ക് ഇത്തരം സന്ദേശങ്ങള്‍ കൈമാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ സന്ദേശം തിരഞ്ഞെടുത്ത് അത് വീണ്ടും ഫോര്‍വേഡ് ചെയ്യേണ്ടി വരും. ഉപയോക്താക്കള്‍ക്ക് ഒരേസമയം പരമാവധി അഞ്ച് വ്യത്യസ്ത ചാറ്റുകളിലേക്ക് മാത്രമേ ഒരു സന്ദേശം കൈമാറാന്‍ കഴിയൂ എന്ന തരത്തില്‍ 2018 ജൂലൈയില്‍, വാട്‌സ്ആപ്പ് ഇന്ത്യയില്‍ ഒരു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 2019 ജനുവരിയില്‍, ഈ നിയന്ത്രണങ്ങള്‍ ആഗോളതലത്തില്‍ വ്യാപിപ്പിച്ചു.

ഡബ്ല്യുഎ ബീറ്റ ഇന്‍ഫോയിലെ റിപ്പോര്‍ട്ട് അനുസരിച്ച്, പുതിയ സിംഗിള്‍ ഗ്രൂപ്പ് ഫോര്‍വേഡ് ലിമിറ്റേഷന്‍ ചില ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് നേരത്തെ തന്നെ നല്‍കിയിരുന്നു. ഇപ്പോള്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് അതേ നിയന്ത്രണങ്ങള്‍ ലഭ്യമാവും.