‘സിപിഎം വെറും പ്രാദേശിക കക്ഷി; ദേശീയ കക്ഷിയായി തുടരാനാവില്ല’: ചെറിയാന്‍ ഫിലിപ്പ്‌

തിരുവനന്തപുരം: സിപിഎം ഇപ്പോള്‍ കേരളത്തില്‍ മാത്രം ഒതുങ്ങുന്ന പ്രാദേശിക കക്ഷിയാണെന്നും, സിപിഎമ്മിന് ദേശീയ കക്ഷിയായി തുടരാനാവില്ലെന്നും കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടര്‍ ചെറിയാന്‍ ഫിലിപ്പ്.

ചെറിയാന്‍ ഫിലിപ്പിന്റെ വാക്കുകള്‍

‘ദേശീയ കക്ഷിയായി പിടിച്ചു നില്‍ക്കുന്നതിനുള്ള അടവുനയത്തെക്കുറിച്ചാണ് കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നത്. കോണ്‍ഗ്രസുമായി സഖ്യം വേണോ ധാരണ വേണോ എന്നതാണ് മുഖ്യവിഷയം. സിപിഎമ്മിന്റെ കേരള ഘടകം മാത്രമാണ് ബിജെപിയോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കുന്നത്. എകെജി പ്രതിപക്ഷ നേതാവായിരുന്ന ലോക്‌സഭയില്‍ സിപിഎം ഇപ്പോള്‍ പന്ത്രണ്ടാം കക്ഷിയാണ്. വോട്ടു വിഹിതം 10ല്‍ നിന്നും 1.75 ശതമാനമായി ഇടിഞ്ഞു. ലോക്‌സഭയില്‍ മൂന്ന് സീറ്റും വിവിധ നിയമസഭകളില്‍ 88 സീറ്റും മാത്രമാണ് ഇപ്പോഴുള്ളത്. ഇവ നേടിയത് കോണ്‍ഗ്രസുമായും ഇതര കക്ഷികളുമായി സഖ്യമുണ്ടായിയാണ്. 2004 ല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയപ്പോഴാണ് സിപിഎമ്മിന് ലോക്‌സഭയില്‍ 43 സീറ്റുകള്‍ ലഭിച്ചത്. കോണ്‍ഗ്രസ് ബന്ധം വിച്ഛേദിച്ചതോടെ സിപിഎം മിക്ക സംസ്ഥാനങ്ങളിലും വട്ടപൂജ്യമായി. ജ്യോതി ബസുവിന് പ്രധാനമന്ത്രി സ്ഥാനം വരെ ഓഫര്‍ ചെയ്തത് കോണ്‍ഗ്രസാണ്. ദില്ലിയിലെ ചെങ്കോട്ടയില്‍ ചെങ്കൊടി നാട്ടുമെന്ന് പ്രഖ്യാപിച്ചിരുന്ന സിപിഎമ്മിന്റെ ദില്ലിവാസികളായ അഖിലേന്ത്യാ നേതാക്കള്‍ സീതാറാം യച്ചൂരിക്കും പ്രകാശ് കാരാട്ടിനും ജീവിതത്തില്‍ ഒരിക്കലും അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ വോട്ട് ചെയ്യാനായിട്ടില്ല. സിപിഎം ശക്തി കേന്ദ്രങ്ങളായിരുന്ന തെലങ്കാന ഉള്‍പ്പെടെയുള്ള കാര്‍ഷിക വിപ്ലവ മേഖലകളിലും മുംബൈ, കല്‍ക്കട്ട തുടങ്ങിയ വ്യവസായ നഗരങ്ങളിലും ചെങ്കൊടി കാണ്മാനില്ല. ചുവപ്പു ബംഗാള്‍ ആവര്‍ത്തിക്കുമെന്ന് ആരും മുദ്രാവാക്യം മുഴക്കുന്നില്ല. ഇന്ത്യയുടെ ഹൃദയഭൂമിയില്‍ നിന്നും സിപിഎം ഒലിച്ചു പോയി. രണ്ടാമത്തെ ദേശീയ കക്ഷിയായ കോണ്‍ഗ്രസിന് ഇപ്പോഴും ലോക്‌സഭയില്‍ 53 സീറ്റും നിയമസഭകളില്‍ 688 സീറ്റുമുണ്ട്. കോണ്‍ഗ്രസിനോട് കിടപിടിക്കാവുന്ന മറ്റൊരു പ്രതിപക്ഷ കക്ഷിയില്ല. കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാത്രമേ ബിജെപി വിരുദ്ധ മതേതര കക്ഷികളുടെ ബദല്‍ സൃഷ്ടിക്കാനാവൂ. 1977 ലെ വമ്പിച്ച തെരഞ്ഞെടുപ്പു പരാജയത്തിനു ശേഷം 1980 ല്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. ഇന്ത്യയൊട്ടാകെ വേരോട്ടമുള്ള പ്രസ്ഥാനം ഇപ്പോഴും കോണ്‍ഗ്രസ് മാത്രമാണ്’.