എങ്ങുമെത്താതെ ഡിസിസി പുനസംഘടനാ നടപടികള്‍; കരട് പട്ടികക്കെതിരെ കെ.സി പക്ഷം

തിരുവനന്തപുരം: കേരളത്തില്‍ ഡിസിസി പുനസംഘടനാ നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പുനസംഘടന എങ്ങുമെത്താത്ത സ്ഥിതിയിലാണ്. എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ കരട് പട്ടികക്കെതിരെ കെ.സി വേണുഗോപാല്‍ പക്ഷം രംഗത്ത് വന്നതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. പിന്നീട് എംപിമാരുടെ പരാതിയുടെ പേരില്‍ ഹൈക്കമാന്‍ഡ് നടപടികള്‍ നിര്‍ത്തി വെക്കുകയായിരുന്നു.

കെപിസിസി പ്രസിഡന്റ് കെ.സുധാരനും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിലുള്ള ചര്‍ച്ചയും അന്തിമസമവായത്തിലെത്തിയില്ല. കരട് പട്ടിക രണ്ടരമാസം മുമ്പ് കൈമാറിയിട്ടും സതീശന്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചില്ല. അതേസമയം, എഐസിസി സംഘടനാ തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ ഇനി പുനസംഘടനാ വേണോ എന്നാണ് സുധാകരന്റെ സംശയം.

എന്നാല്‍, പരാതി ഉണ്ടാകുമ്പോള്‍ പരിഹരിക്കുക എന്നത് സ്വാഭാവിക നടപടി മാത്രമാണെന്നണ് സതീശപക്ഷത്തിന്റെ അഭിപ്രായം. പാര്‍ട്ടിയില്‍ പ്രതിസന്ധി തുടരുമ്പോഴും തര്‍ക്കങ്ങളാണ് കാരണമെന്ന് കെപിസിസി നേതൃത്വവും വേണുഗോപാല്‍ പക്ഷവും സമ്മതിക്കുന്നില്ല. സംഘടനാ തെരഞ്ഞെടുപ്പ് കാലത്ത് പുനസംഘടന വേണ്ടെന്നായിരുന്നു എ-ഐ ഗ്രൂപ്പുകളുടെ നിലപാട്. പക്ഷെ, ഈ എതിര്‍പ്പ് തള്ളി എഐസിസി പിന്തുണയോടെയായിരുന്നു സുധാകരനും സതീശനും പുനസംഘടനയുമായി മുന്നോട്ട് പോയത്.