തിരുവനന്തപുരം: സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതിക്കെതിരെ കഴക്കൂട്ടത്ത് ബിജെപി നടത്തിയ പ്രതിരോധ യാത്രയില്‍ പ്രായമായ ദമ്പതികളുടെ അപ്രതീക്ഷിതമായ പ്രതികരണം നേതാക്കളെ വെട്ടിലാക്കി. പദ്ധതി നാടിന് ആവശ്യമാണ്, തങ്ങളുടെ ഭൂമി കെ റെയിലിന് നല്‍കും എന്നാണ് ദമ്പതികള്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരനോട് പ്രതികരിച്ചത്. കൂടെ പിണറായി സിന്ദാബാദ് എന്ന മുദ്രാവാക്യവും കുടുംബാംഗങ്ങള്‍ മുഴക്കി. സ്ഥലം വിട്ട് കൊടുക്കുന്നതില്‍ പ്രശ്‌നമില്ല, വികസനം വരണം എന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്. സിപിഎം കൗണ്‍സിലര്‍ എല്‍.എസ്. കവിതയും വീട്ടുകാരുമാണ് പ്രതിഷേധമുയര്‍ത്തിയത്.
‘ഞങ്ങള്‍ക്ക് ഒരു രൂപയും വേണ്ട. വികസന പദ്ധതിക്ക് ഭൂമി നല്‍കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ സര്‍ക്കാറിനോടൊപ്പമാണ്. ഞങ്ങളുടെ സ്ഥലം നാളത്തെ തലമുറക്ക് വേണ്ടി നല്‍കും. ആരുടെ കൂട്ടും വേണ്ടാതെ എനിക്ക് ഒന്നര മണിക്കൂര്‍ കൊണ്ട് ഗുരുവായൂരപ്പനെ കാണാന്‍ പോകണം. ഭൂമി പോകുന്നതില്‍ സന്തോഷമേയുള്ളൂ. കാരണം നാളത്തെ തലമുറക്ക് വേണ്ടിയാണ് ഈ വികസനം. നിങ്ങള്‍ എതിര്‍ത്താലും ഞങ്ങള്‍ നടപ്പാക്കും. ജീവന്‍ പോയാലും നടപ്പാക്കും. രണ്ട് പെണ്‍മക്കളുള്ള അമ്മയാണ് ഇത് പറയുന്നത്’, വീട്ടമ്മ എന്‍ ലീലാകുമാരി വി. മുരളീധരനോട് പറഞ്ഞു.’വികസന നായകന്‍ പിണറായി വിജയന്‍ ജയ്’ എന്ന് വിളിച്ചുകൊണ്ടാണ് ബിജെപി സംഘത്തോട് വീട്ടുകാര്‍ പ്രതികരിച്ചത്.
അതേസമയം, സിപിഎം കൗണ്‍സിലറുടെ കുടുംബം മാത്രമാണ് ഭൂമി വിട്ടുകൊടുക്കുമെന്ന് പറഞ്ഞതെന്നും മറ്റാരും നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്നും വി. മുരളീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കൗണ്‍സിലറുടെ കുടുംബത്തിന് അങ്ങനെയല്ലാതെ പറയാനാകില്ല. കെ-റെയില്‍ പദ്ധതിയോടുള്ള ജനങ്ങളുടെ വികാരം മുഖ്യമന്ത്രി പിണറായി വിജയന്‍ മനസ്സിലാക്കണം. ബഫര്‍ സോണിലുള്ളവര്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറാണ് വ്യക്തമാക്കേണ്ടത്. ശീതീകരിച്ച മുറിയിലിരിക്കുന്നവര്‍ ഭൂമി നഷ്ടപ്പെടുന്നവരുമായി സംസാരിക്കണം. ഇടുന്ന കല്ല് അലൈന്മെന്റിന്റെ പേരില്‍ മാറ്റിയാല്‍ ഇപ്പോള്‍ വായ്പ നിഷേധിക്കുന്നവര്‍ എന്ത് ചെയ്യും? – അദ്ദേഹം ചോദിച്ചു.

