ഗവര്‍ണര്‍മാരുടെ നിയമനാധികാരം സര്‍ക്കാരിന് നല്‍കണം; രാജ്യസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് സിപിഎം

ന്യൂഡല്‍ഹി: ഗവര്‍ണര്‍മാരുടെ നിയമനരീതി മാറ്റണമെന്നാവശ്യപ്പെട്ട് സിപിഎം അംഗം വി ശിവദാസന്‍ രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചു. ഗവര്‍ണര്‍മാരുടെ കാലാവധി, സ്ഥലം മാറ്റം എന്നിവയില്‍ ഭേദഗതികള്‍ വരുത്തണമെന്നും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ഗവര്‍ണര്‍മാരെ രാഷ്ട്രപതി നിയമനം നടത്തുന്ന സമ്പ്രദായത്തിനു പകരം സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണം. നിയമസഭാ അംഗങ്ങളും തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളും ചേര്‍ന്നായിരിക്കണം ഗവര്‍ണറെ തിരഞ്ഞെടുക്കേണ്ടത്. കാലാവധി അഞ്ചു വര്‍ഷമായിരിക്കണം. ഗവര്‍ണര്‍മാര്‍ക്കെതിരായ അവിശ്വാസപ്രമേയം പാസാകണമെങ്കില്‍ ഹാജരാകുന്ന അംഗങ്ങളില്‍ മൂന്നില്‍ രണ്ടുപേര്‍ അതിനെ പിന്തുണയ്ക്കണമെന്നും ബില്ലില്‍ സൂചിപ്പിക്കുന്നു.

തന്റെ അധികാര പരിധിയില്‍ സര്‍ക്കാര്‍ കൈകടത്താന്‍ ശ്രമിക്കുകയാണെന്ന ഗവര്‍ണറുടെ വിമര്‍ശനത്തിന് പിന്നാലെയാണ് ബില്‍ അവതരണം.